ട്രാൻസ്ഫോർമർ ഭീഷണി; ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം

Jan 9, 2026 - 17:06
ട്രാൻസ്ഫോർമർ ഭീഷണി; ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം

ജനവാസ കേന്ദ്രങ്ങളിലെ വൈദ്യുതി ട്രാൻസ്ഫോർമറുകൾ ഇന്ന് വലിയ അപകടഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കാസറഗോഡിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി ട്രാൻസ്ഫോർമറിൽ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് പരിക്കേറ്റ സംഭവം സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമെന്ന നിലയിൽ കണ്ടു മറക്കാൻ കഴിയില്ല. മറിച്ച്, ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന മുന്നറിയിപ്പായാണ് ഈ സംഭവം വിലയിരുത്തപ്പെടേണ്ടത്. വൈദ്യുതി മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിൽ, ട്രാൻസ്ഫോർമറുകൾ നമ്മുടെ വീടുകളുടെയും വിദ്യാലയങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും ഭാഗമാണ്.

 എന്നാൽ, അത്രയും പ്രാധാന്യമുള്ള ഈ ഉപകരണങ്ങൾ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം പല സ്ഥലങ്ങളിലും ഉയരുന്നുണ്ട്. മതിയായ വേലിക്കെട്ടുകളില്ലാതെ, മുന്നറിയിപ്പ്  ബോർഡുകളില്ലാതെ, ജനവാസ മേഖലകളുടെ നടുവിൽ തന്നെ ട്രാൻസ്ഫോർമറുകൾ പ്രവർത്തിക്കുന്നതിന്റെ അപകടം നാം പലപ്പോഴും അവഗണിക്കുന്നു. കുട്ടികൾ കളിക്കുന്ന ഇടങ്ങൾക്കരികിലും, വീടുകളോട് ചേർന്നും, വഴിയാത്രക്കാരുടെ സഞ്ചാര പാതകളിലും ട്രാൻസ്ഫോർമറുകൾ സ്ഥിതി ചെയ്യുന്നത് അപകട സാധ്യത ഇരട്ടിയാക്കുന്നു. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിൽ ഇത്തരം ഉപകരണങ്ങൾ മരണക്കുഴികളായി മാറാൻ സാധ്യതയുണ്ട്. കാസറഗോഡിൽ സംഭവിച്ച വിദ്യാർത്ഥിയുടെ അപകടവും ഇത്തരം അശ്രദ്ധയുടെ ഫലമാണെന്നത് ഗൗരവമായി പരിശോധിക്കപ്പെടണം.

ഈ സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. വൈദ്യുതി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ജനവാസ കേന്ദ്രങ്ങളിലെ എല്ലാ ട്രാൻസ്ഫോർമറുകളുടെയും സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതുണ്ട്. അപകടസാധ്യതയുള്ള ഇടങ്ങളിൽ ഉടൻ വേലിക്കെട്ടുകൾ സ്ഥാപിക്കുക, വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, നിലത്ത് വൈദ്യുതി ചോർച്ച ഉണ്ടാകാനുള്ള സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ നടപടികൾ അനിവാര്യമാണ്. അതോടൊപ്പം, പൊതുജന ബോധവൽക്കരണവും വളരെ പ്രധാനമാണ്. ട്രാൻസ്ഫോർമറുകളുടെ അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെയും മുതിർന്നവരെയും അറിയിക്കണം. സ്കൂളുകളിലൂടെയും നാട്ടുകൂട്ടായ്മകളിലൂടെയും ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കുമെന്ന ബോധം സമൂഹത്തിൽ വളർത്തേണ്ട സമയമാണിത്.

കാസറഗോഡിലെ വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത് ഒരു കുടുംബത്തിന്റെ മാത്രം ദുഃഖമല്ല; മുഴുവൻ സമൂഹത്തിന്റെയും കണ്ണുതുറപ്പിക്കുന്ന സംഭവമാണ്. ഇത്തരമൊരു ദുരന്തം വീണ്ടും ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ സംഭവത്തിന് ശേഷം നടപടി എന്ന രീതിയിൽ നിന്ന് മാറി  മുൻകരുതലാണ് സുരക്ഷ എന്ന സമീപനം അധികാരികളും സമൂഹവും സ്വീകരിക്കണം. ജനവാസ കേന്ദ്രങ്ങളിലെ ട്രാൻസ്ഫോർമറുകൾ സുരക്ഷിതമാക്കുന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല, അത് മനുഷ്യജീവിതത്തോടുള്ള ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം സമയബന്ധിതമായി നിറവേറ്റാൻ അധികാരികൾ തയ്യാറാകണം. ഒരു വിദ്യാർത്ഥിയുടെ വേദന വീണ്ടും മറ്റൊരു വീടിന്റെ വേദനയായി മാറാതിരിക്കണമെങ്കിൽ ഇന്ന് തന്നെ നടപടി അനിവാര്യമാണ്.

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
7592956315

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0