എൻ്റെ പ്രിയപ്പെട്ട ശരീഫ് മുസ്ല്യാർ; എനിക്കേറെ ഇഷ്ടപ്പെട്ട ശിഷ്യൻ
അൽഫിയ്യയും ഫത്ഹുൽ മുഈനും ഓതാൻ തുടങ്ങിയ മുഹമ്മദ് ശരീഫ് എന്ന മുതഅല്ലിമിനെ മൂന്നിയൂർ അബ്ദുസ്സലാം സഖാഫിയാണ് കാഞ്ഞീരക്കോലിൽ എൻ്റെ ദർസിൽ കൊണ്ടുവന്നേൽപ്പിച്ചത്. അന്ന് മുതൽ മുത്വവ്വൽ പഠനത്തിനായി മർകസുസ്സഖാഫത്തിസ്സുന്നിയയിൽ പോകുന്നത് വരെ എന്നിൽ നിന്ന് കിതോബോതിപ്പഠിച്ച ആ മുതഅല്ലിം എനിക്കേറെ ഇഷ്ടപ്പെട്ട ശിഷ്യനായിരുന്നു. നന്നായി പഠിക്കുകയും ഏറെ വിനയത്തിലും നല്ല സ്വഭാവത്തിലും അദബിലും മാത്രം ഇടപെടുകയും ചെയ്ത ശിഷ്യൻ. സഹപാഠികൾക്കും കൂട്ടുകാർക്കും ചെലവ് വീട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു ആ മുതഅല്ലിം. "ശരീഫോല്യാരെ" എന്നായിരുന്നു പഠനകാലത്തും പിന്നീടും ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. പഠനം കഴിഞ്ഞു പോയതിനു ശേഷവും നിരന്തരം ഞാനുമായി ബന്ധപ്പെടുമായിരുന്നു. ഈ റമളാനിന് തൊട്ട് മുമ്പത്തെ ബുധനാഴ്ചയും പതിവ് തെറ്റിക്കാതെ പുന്നത്തലയിൽ എൻ്റെ വീട്ടിൽ എന്നെ കാണാൻ ശരീഫോല്യാര് എത്തി. പക്ഷേ, റബ്ബിൻ്റെ ഖളാഅ് അന്ന് കാണാൻ പറ്റിയില്ല. ഞാൻ വീട്ടിലില്ലായിരുന്നു. ഫോൺ ചെയ്ത് സംസാരിച്ചപ്പോൾ ഞാൻ എത്താൻ വൈകുമെന്നും ഇപ്പോൾ കാത്തിരിക്കേണ്ടെന്നും തിരിച്ചു പൊയ്‌ക്കോളൂ എന്ന് ഞാൻ പറഞ്ഞതിനു ശേഷം മാത്രമാണ് എൻ്റെ വീട്ടിൽ നിന്ന് തിരിച്ചു പോയത്. പഠനകാലത്തോ അതിനുശേഷമോ ഒരിക്കൽ പോലും ശരീഫ് മോല്യാരോട് ദേഷ്യം പ്രകടിപ്പിക്കുകയോ ശാസിക്കുകയോ ചെയ്യേണ്ടതായി വന്നിട്ടില്ല. നിങ്ങൾ അത് ചെയ്തത് ശരിയായില്ല എന്ന് പറയേണ്ടതായ സന്ദർഭം അദ്ദേഹം ഉണ്ടാക്കിയായി എനിക്കോർമയില്ല. ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നു. ജേഷ്ടനും പെങ്ങൻമാർക്കും പ്രിയപ്പെട്ട 'ബാവ' യായി കുടുംബത്തിൽ സ്നേഹത്തോടെ മാത്രം ഇടപെട്ടു. മക്കളുടെ പഠനത്തിൽ നന്നായി ശ്രദ്ധ പുലർത്തി. മക്കൾ നല്ല ആലിമുകളും സ്വാലിഹുകളുമായിത്തീരാൻ നിരന്തരം ദുആ ചെയ്യിപ്പിച്ചു. സഖാഫിയായി ഇറങ്ങി പല പ്രദേശങ്ങളിലും മുദരിസും ഖത്വീബുമായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം വർഷങ്ങളായി പ്രമുഖ സ്ഥാപനങ്ങളിലൊന്നായ കാസർഗോഡ് മുഹിമ്മാത്തിലെ മുദരിസാണ്. വ്യക്തിപരമായി ആളുകളെ ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനും തിരുത്തേണ്ടത് തിരുത്താനും അദ്ദേഹത്തിന് നല്ല ഹിക്മത്തും കഴിവുമുണ്ടായിരുന്നു. അദ്ദേഹം സേവനം ചെയ്ത മഹല്ലുകളിൽ അത്തരം അനുഭവങ്ങൾ എനിക്കറിയാം. ഇബാദത്തിൽ നല്ല ശ്രദ്ധയും ജീവിതത്തിൽ സൂക്ഷ്മതയും ഉണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് രോഗം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം റമളാൻ 22 ന് വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. ശരീഫ് മുസ്ല്യാർക്ക് ദുൻയാവിൽ അല്ലാഹു നിശ്ചയിച്ച സമയം കഴിഞ്ഞു. മുതഅല്ലിമായി, ആലിമായി, ദീനീ ഖാദിമായി, ശിഷ്യരുടെ പ്രിയപ്പെട്ട ഉസ്താദായി നിരവധി പേർക്ക് ഇൽമ് പകർന്നു കൊടുത്ത് അദ്ദേഹം വിട പറഞ്ഞു. അദ്ദേഹത്തിൻ്റെ രോഗ വിവരം അറിഞ്ഞതു മുതൽ എൻ്റെ വീട്ടുകാരും കുട്ടികളുമെല്ലാം സങ്കടത്തോടെ പ്രാർത്ഥനയിലായിരുന്നു. സത്യമായും ആ മരണം എന്നെയും കരയിപ്പിച്ചു. അല്ലാഹു തന്ന റഹ്മത്തിൻ്റെ കണ്ണീരായിരിക്കും. വിശുദ്ധ റമളാനിലെ മരണം എൻ്റെ പ്രിയപ്പെട്ട ശരീഫോല്യാർക്ക് റാഹത്തായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലാഹു അദ്ദേഹത്തിന് റാഹത്ത് നൽകട്ടെ. റഹ്മത്ത് ചെയ്യട്ടെ. അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. സഹോദര- സഹോദരിമാർ, ഭാര്യ മക്കൾ, ശിഷ്യൻമാർ എല്ലാവർക്കും അല്ലാഹു ക്ഷമ നൽകട്ടെ. അദ്ദേഹത്തിൻ്റെ പ്രിയ മക്കൾക്ക് അല്ലാഹു കാവൽ നൽകുകയും അവരെ നല്ല ആലിമുകളും സ്വാലിഹീങ്ങളുമാക്കുകയും ചെയ്യട്ടെ. എല്ലാവരും എൻ്റെ പ്രിയപ്പെട്ട ശരീഫോല്യാർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ജനാസ നിസ്കാരം നിർവ്വഹിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
✍️ അബ്ദുൽ ജലീൽ സഖാഫി ചെറുശോല
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0