ഓൺലൈൻ ഗെയിമുകളിലെ മരണക്കുഴികൾ 

Feb 7, 2026 - 11:36
ഓൺലൈൻ ഗെയിമുകളിലെ മരണക്കുഴികൾ 

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന മൂന്ന് സഹോദരിമാരുടെ ദാരുണമരണം ഒരു വാർത്തയായി മാത്രം വായിച്ചു കടന്നുപോകാൻ കഴിയാത്തതാണ്. ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന്, കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി മൂന്നു പെൺകുട്ടികൾ ജീവിതം അവസാനിപ്പിച്ചു എന്ന വിവരം നമ്മളെ ആഴത്തിൽ വേദനിപ്പിക്കുന്നു. ഈ സംഭവം ഒരുപാട് ചോദ്യങ്ങളാണ് നമ്മോട് ഉയർത്തുന്നത്. ഇന്ന് കുട്ടികൾ വളരുന്നത് പുതിയ കാല സാഹചര്യങ്ങളിലൂടെയാണ്. അവരുടെ ലോകം മാറിയിട്ടുണ്ട്. സ്നേഹവും സൗഹൃദവും പോലും വലിയൊരു ഭാഗം ഡിജിറ്റൽ ഇടങ്ങളിലൂടെയാണ് അവർ കണ്ടെത്തുന്നത്. ഓൺലൈൻ ഗെയിമുകൾ അവർക്കൊരു വിനോദം മാത്രമല്ല, പലപ്പോഴും ഒരു ആശ്വാസവുമാണ്, കൂട്ടുകാരെ കണ്ടെത്തുന്ന ഇടവുമാണ്. ഇതെല്ലാം മനസ്സിലാക്കാതെ, ‘വിലക്ക്’ എന്ന ഒറ്റ ആയുധം മാത്രം ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഫലമാണ് ഗാസിയാബാദിൽ നമ്മൾ കണ്ടത്.

ഇവിടെ പ്രശ്നം ഗെയിമല്ല. അതിന്റെ അതിരില്ലാത്ത ഉപയോഗവും നിയന്ത്രണമില്ലായ്മയുമാണ്. പക്ഷേ നിയന്ത്രണം എന്നത് ഭീഷണിയിലൂടെയോ പെട്ടെന്ന് ഏർപ്പെടുത്തിയ വിലക്കുകളിലൂടെയോ ഉണർന്നുവരേണ്ടതല്ല. കുട്ടികൾക്ക് അവരുടെ വികാരങ്ങൾ തുറന്നു പറയാൻ കഴിയാത്ത ഒരു അന്തരീക്ഷമാണ് പല വീടുകളിലും ഇന്ന് നിലനിൽക്കുന്നത്. അമ്മക്കും അച്ഛനും സമയം ഇല്ല, പറഞ്ഞാൽ വഴക്കാകും, അവർക്ക് നമ്മളെ മനസ്സിലാകില്ല തുടങ്ങിയ ബോധം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ കുത്തിനിൽക്കുന്നു.

മാതാപിതാക്കൾ പലപ്പോഴും നല്ല ഉദ്ദേശത്തോടെയാണ് വിലക്കുകൾ ഏർപ്പെടുത്തുന്നത്. പക്ഷേ നല്ല ഉദ്ദേശം മാത്രം മതിയാകില്ല. കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും സാഹചര്യങ്ങളും പരിഗണിക്കാതെ എടുത്ത തീരുമാനങ്ങൾ അപകടകരമാകാം. നമ്മൾ പറഞ്ഞത് കേൾക്കണം എന്ന അധികാരബോധം, നമ്മൾ മനസ്സിലാക്കണം എന്ന ഉത്തരവാദിത്തത്തെ മറികടക്കുമ്പോഴാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത്. ഇന്ന് കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങൾ ചെറുതല്ല. പഠനഭാരം, മത്സരബോധം, സോഷ്യൽ മീഡിയ താരതമ്യങ്ങൾ, കുടുംബ പ്രതീക്ഷകൾ എല്ലാം ചേർന്ന് അവരുടെ മനസ്സ് പലപ്പോഴും തളരുന്നു. അത്തരം സമയങ്ങളിൽ ഒരു ചെറിയ പ്രശ്നം പോലും വലിയ ദുരന്തമായി അവർക്ക് തോന്നാം. മുതിർന്നവർക്ക് സാധാരണമായി തോന്നുന്ന ഒരു വിലക്ക്, കുട്ടികൾക്ക് ലോകം തകരുന്നതുപോലെ അനുഭവപ്പെടാം. അത് അവരുടെ തെറ്റല്ല; അത് അവരുടെ പ്രായവും അനുഭവങ്ങളുടെ കുറവുമാണ്.

ഇത്തരം സംഭവങ്ങളിൽ നമ്മൾ മറ്റൊരു വസ്തുത കൂടി തിരിച്ചറിയണം. കുട്ടികൾ സഹായം തേടാൻ ആരെയുമില്ലെന്ന് തോന്നുന്ന ഒരു അവസ്ഥയിലാണ് പലപ്പോഴും എത്തിപ്പെടുന്നത്. സ്കൂളുകളും അധ്യാപകരും ബന്ധുക്കളും അയൽവാസികളും എല്ലാവരും ചേർന്ന് ഒരു സുരക്ഷാ വലയമായി പ്രവർത്തിക്കേണ്ടതാണ്. ഒരു കുട്ടി ഒറ്റപ്പെടുന്നുവെന്ന് തിരിച്ചറിയാൻ കഴിയുന്ന സംവിധാനങ്ങൾ നമ്മുടെ സമൂഹത്തിൽ ശക്തമാകണം.
മാധ്യമങ്ങളും സമൂഹവും ഇവിടെ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ നമ്മെ എന്താണ് പഠിപ്പിക്കുന്നത് എന്നതിലേക്കാണ് ശ്രദ്ധ തിരിക്കേണ്ടത്. കുറ്റം കണ്ടെത്തുക മാത്രമല്ല, പരിഹാരങ്ങൾ ചർച്ച ചെയ്യുകയാണ് ആവശ്യം. മാതാപിതാക്കൾക്ക് വേണ്ട ബോധവത്കരണം, കുട്ടികൾക്കുള്ള കൗൺസലിംഗ് സംവിധാനങ്ങൾ, സ്കൂൾ തലത്തിൽ മാനസികാരോഗ്യ പിന്തുണ ഇവയെല്ലാം ശക്തിപ്പെടുത്തണം.

ഗാസിയാബാദിലെ മൂന്ന് പെൺകുട്ടികൾ നമ്മോട് ഒന്നും പറഞ്ഞില്ലായിരിക്കാം. പക്ഷേ അവരുടെ മരണം വലിയൊരു സന്ദേശമാണ് നൽകുന്നത്. കുട്ടികളെ നിയന്ത്രിക്കാനല്ല, കേൾക്കാനും മനസ്സിലാക്കാനുമാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്. സ്നേഹത്തിനൊപ്പം സമയം കൊടുക്കാൻ, സംസാരിക്കാൻ, സംശയങ്ങൾ ചോദിക്കാൻ അവസരം നൽകാൻ മാതാപിതാക്കൾ തയ്യാറാകണം. ഈ വേദനാചകമായ സംഭവത്തിൽ നിന്ന് ഒരു പാഠമെങ്കിലും നമ്മൾ പഠിച്ചില്ലെങ്കിൽ, ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ ആവർത്തിക്കപ്പെടും. കുട്ടികൾ നമ്മുടെ ഭാവിയാണ് എന്നത് വാക്കുകളിൽ മാത്രം ഒതുങ്ങരുത്. അവരുടെ മനസ്സിനും വികാരങ്ങൾക്കും മുൻഗണന നൽകുന്ന ഒരു സമൂഹമായി നമ്മൾ മാറണം. അതാണ് ഈ മൂന്നു ജീവനുകൾ നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ നീതി.

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
7592956315

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0