മരണവീടുകളിൽ മാധ്യമധർമ്മം മരിക്കുമ്പോൾ

Dec 24, 2025 - 11:42
മരണവീടുകളിൽ മാധ്യമധർമ്മം മരിക്കുമ്പോൾ

ഒരു മനുഷ്യന്റെ മരണവാർത്ത സമൂഹത്തിലേക്ക് എത്തിക്കുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാൽ ആ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഒരു അടിസ്ഥാന മാനുഷികത ഉണ്ടെന്ന സത്യം പലപ്പോഴും മറന്നു പോവുകയാണ്. ഇന്ന് മരണവീടുകൾ പോലും വാർത്താ വേട്ടയുടെ കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് നാം നിരന്തരം കാണുന്നത്. ദുഃഖത്തിൽ തകർന്നു നിൽക്കുന്ന ഉറ്റവരുടെ മുഖത്തേക്ക് ക്യാമറ നീട്ടിയും, കണ്ണീരിനിടയിലും ശ്വാസം മുട്ടുന്ന നിമിഷങ്ങളിലും അനാവശ്യ ചോദ്യങ്ങൾ ചോദിച്ചും നടത്തുന്ന മാധ്യമങ്ങളുടെ എടുത്തുചാട്ടങ്ങൾ തീർത്തും അപഹാസ്യമാണ്.

മരണവീട്ടിൽ ഒരു കുടുംബം അനുഭവിക്കുന്ന വേദന അളക്കാൻ കഴിയാത്തതാണ്. ആ നിമിഷങ്ങളിൽ ക്യാമറയുടെ വെളിച്ചത്തിന് പകരം അവർക്കാവശ്യം മൗനവും ആശ്വാസവുമാണ്. എന്നിട്ടും എന്ത് സംഭവിച്ചു? ആരാണ് ഉത്തരവാദി? നിങ്ങൾക്ക് എന്ത് പറയാനുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി മാധ്യമ പ്രവർത്തകർ അവിടേക്ക് ഓടിച്ചെല്ലുന്ന പ്രവണത വർധിച്ചുവരുന്നു. ഇത് വാർത്തയല്ല, വേദനയുടെ പൊതു പ്രദർശനമാണ്.റേറ്റിംഗും കാഴ്ചക്കാരുടെ എണ്ണവും കൂട്ടാനുള്ള മത്സരത്തിൽ മനുഷ്യന്റെ സ്വകാര്യ ദുഃഖം പോലും ഉപകരണമായി മാറുകയാണ്. മരണത്തെ പോലും ഒരു ‘കണ്ടന്റായി’ മാറ്റുന്ന സമീപനം മാധ്യമധർമ്മത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുന്നു. വാർത്ത നൽകുക എന്നതും ദുഃഖം ചൂഷണം ചെയ്യുക എന്നതും രണ്ടും ഒരുപോലെയല്ല. ആ വ്യത്യാസം തിരിച്ചറിയാത്തിടത്താണ് മാധ്യമങ്ങൾ വിമർശനവിധേയമാകുന്നത്.

മാധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയാണ്. ദുഃഖത്തിന്റെ നിമിഷങ്ങളിൽ മൗനം പാലിക്കാനും, ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനും,ചില ദൃശ്യങ്ങൾ പകർത്താതിരിക്കാനും മാധ്യമങ്ങൾക്ക് കഴിയണം. എല്ലാം പറയാവുന്നതല്ലെന്നും എല്ലാം കാണിക്കാവുന്നതുമല്ലെന്ന ബോധം മാധ്യമപ്രവർത്തനത്തിന്റെ അവിഭാജ്യ ഭാഗമാകണം. മരണവുമായി ബന്ധപ്പെട്ട വാർത്തകളിൽ നീതി തേടുന്ന അന്വേഷണാത്മക മാധ്യമപ്രവർത്തനം ആവശ്യമാണ് എന്നതിൽ സംശയമില്ല. എന്നാൽ അത് മരണവീട്ടിൽ നിന്നാരംഭിക്കണമെന്നില്ല. വേദനയിൽ മുങ്ങിയിരിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്യുന്നത് നീതി ഉറപ്പാക്കാനുള്ള മാർഗമല്ല. മറിച്ച്, അതിലൂടെ അവരെ വീണ്ടും വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.

നീതിക്കായുള്ള പോരാട്ടം മനുഷ്യന്റെ മാന്യത ചവിട്ടിമെതിച്ചുകൊണ്ടാകരുത്. സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ വാർത്തകൾ അതിവേഗം പടരുന്നുണ്ട്. അതിന്റെ സമ്മർദ്ദം മുഖ്യധാരാ മാധ്യമങ്ങളെയും ബാധിക്കുന്നുണ്ട്. 'ആദ്യം പറയണം' എന്ന മത്സരത്തിൽ 'എങ്ങനെ പറയണം' എന്ന ചോദ്യമാണ് മറക്കപ്പെടുന്നത്. വേഗതയ്ക്ക് മുൻപിൽ വിവേകം പിന്നിലാകുമ്പോൾ മാധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഒരു വാർത്ത എത്ര വേഗം എത്തിച്ചു എന്നതല്ല, എത്ര ഉത്തരവാദിത്വത്തോടെ അവതരിപ്പിച്ചു എന്നതാണ് മാധ്യമത്തിന്റെ മൂല്യം നിർണ്ണയിക്കേണ്ടത്.മാധ്യമധർമ്മം എന്നത് ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുക മാത്രമല്ല; സമൂഹത്തോട് ഉത്തരവാദിത്വം പുലർത്തുക കൂടിയാണ്. മരണവീടുകളിൽ ക്യാമറയുമായി കയറി ചെല്ലുന്നത് ധൈര്യമല്ല, അത് അപഹാസ്യമാണ്. കണ്ണീരൊഴുകുന്ന മുഖങ്ങൾ കാട്ടി സഹാനുഭൂതി നേടുന്നതല്ല, മറിച്ച് അവയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിലാണ് യഥാർത്ഥ മാനുഷികത.

ഇനിയെങ്കിലും ചില മാധ്യമങ്ങൾ സ്വയം വിമർശനത്തിനും ആത്മപരിശോധനയ്ക്കും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. എവിടെയാണ് നിർത്തേണ്ടത്, എന്താണ് കാണിക്കേണ്ടത്, ആരെയാണ് ചോദ്യം ചെയ്യേണ്ടത് എന്നതിൽ വ്യക്തമായ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കപ്പെടണം. നിയമപരമായ നിയന്ത്രണങ്ങൾക്കപ്പുറം, ഒരു നൈതിക ചട്ടക്കൂട് മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാനമായി മാറണം.
മരണത്തെ പോലും റേറ്റിംഗിന് വേണ്ടി ഉപയോഗിക്കുന്ന പ്രവണത അവസാനിക്കണം. ദുഃഖം മാന്യമായി കൈകാര്യം ചെയ്യേണ്ട മനുഷ്യാനുഭവമാണ്. വാർത്തയുടെ പേരിൽ മനുഷ്യധർമ്മം മറക്കപ്പെടുന്നുവെങ്കിൽ അത് മാധ്യമങ്ങൾക്ക് തന്നെ ദോഷകരമായ ഒരു വഴിയാണ്.
നീതിയുക്തമായ, മാനുഷികത നിറഞ്ഞ മാധ്യമ ഇടപെടലാണ് ഒരു ആരോഗ്യകരമായ ജനാധിപത്യ സമൂഹത്തിന് ആവശ്യം. ആ ദിശയിലേക്കുള്ള മാറ്റം മാധ്യമങ്ങളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.

എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
7592956315

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0