രാഷ്ട്രത്തിന്റെ ആത്മാവാണ് ചരിത്രം; പേര് മാറ്റിയാൽ കളങ്കമേൽക്കില്ല
രാജ്യത്തിന്റെ ചരിത്രം പേരുകളിലോ ഫലകങ്ങളിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളും ത്യാഗങ്ങളും ജനകീയ സമരങ്ങളും ചേർന്നാണ് ഒരു രാഷ്ട്രത്തിന്റെ ആത്മാവ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ന് രാജ്യത്ത് നടക്കുന്ന പേരുമാറ്റ ശ്രമങ്ങളും ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളും ഗൗരവമായ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്. പേരുകൾ മാറ്റിയാൽ ചരിത്രം മാറ്റിക്കളയാമെന്ന തെറ്റായ ധാരണയാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം. ഗ്രാമീണ ഇന്ത്യയുടെ ജീവനാടിയായ ഒരു പദ്ധതിയിൽ നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുഖചിഹ്നമായ ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ശ്രമം, കേവലം ഭരണപരമായ തീരുമാനമായി മാത്രം കാണാൻ കഴിയില്ല. അത് ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ഒരു സമീപനമാണ്. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിലൂടെ ഗാന്ധിജിയെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ചരിത്രത്തെ വളച്ചൊടിക്കാനും സമരസ്മരണകളെ മായ്ക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങൾ തകൃതിയായി നടപ്പിലാക്കപ്പെടുന്നത്. എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ പോലും പണയപ്പെടുത്തി പോരാടിയവർ പേപ്പറിലോ സർട്ടിഫിക്കറ്റിലോ സ്വന്തം പേര് വരണമെന്നോ ഫോട്ടോ പതിക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. അവരുടെ പോരാട്ടം അധികാരത്തിനായിരുന്നില്ല, മറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനുമായിരുന്നു. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പോലും സ്വന്തം മുഖം അച്ചടിച്ച് അഭിമാനം കൊള്ളുന്ന ഭരണാധികാരന്മാരുടെ കാലത്ത്, ത്യാഗത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയാത്തത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം. ഇന്ന് രാജ്യത്ത് സ്വകാര്യവത്കരണ ശ്രമങ്ങൾ അതിവേഗം മുന്നേറുകയാണ്. പൊതുസമ്പത്തുകൾ ഒന്നൊന്നായി സ്വകാര്യകൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ അതിന്റെ ആഘാതം സാധാരണ ജനജീവിതത്തിലാണ് പതിക്കുന്നത്. തൊഴിലില്ലായ്മ വർധിക്കുന്നു, പട്ടിണിമരണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കാൻ ചരിത്രപാഠങ്ങൾ മാറ്റിയെഴുതുകയും സമരസേനാനികളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമായി മാത്രം കാണാനാകും.
രാജ്യത്തിനു വേണ്ടി പൊരുതിയവരെ നിരന്തരം അവഹേളിക്കുന്നതും ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അപകടകരമായ പ്രവണതയാണ്. ഭരണഘടനയെ മാനിക്കുകയും അതിന്റെ മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നീതിയുക്തമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തെ വളച്ചൊടിച്ച് പുതിയ കഥകൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ, രാജ്യത്തിന്റെ ഐക്യത്തെയും ബഹുസ്വരതയെയും തകർക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസൗഹാർദ്ദവും, പൂർവികരുടെ പതറാത്ത പോരാട്ടവീര്യത്തിന്റെ ഫലമാണ്. വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരങ്ങളും ചേർന്നുനിൽക്കുന്ന ഇന്ത്യ എന്ന ആശയം, അനേകം രക്തസാക്ഷിത്വങ്ങളുടെ മേൽ പടുത്തുയർത്തപ്പെട്ടതാണ്. ആ ബഹുസ്വരതയെ പിച്ചി ചീന്താൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
സ്വാതന്ത്ര്യസമരസേനാനികൾ ഉയിര് സമർപ്പിച്ചത് രാജ്യത്ത് ജീവിക്കുന്ന എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തോടെയും മനസ്സമാധാനത്തോടെയും ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായിരുന്നു. ഏതെങ്കിലും സംഘടനയുടെ പുസ്തകത്തിൽ നിന്ന് പേരൊഴിവാക്കിയാൽ അവരുടെ ത്യാഗവും രക്തസാക്ഷിത്വവും മാഞ്ഞുപ്പോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രം ജനങ്ങളുടെ മനസ്സിലുണ്ട്. അത് മായ്ക്കാൻ ആരെയും കഴിയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചന്തവും കാന്തിയും കാത്തുസൂക്ഷിക്കേണ്ടത് ഭരണാധികാരികളുടെ മാത്രം ബാധ്യതയല്ല. നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉപ്പുരസമുള്ള ഇന്നത്തെ ഇന്ത്യയെ മധുരമുള്ളതാക്കാൻ, പേരുമാറ്റങ്ങളും ചിഹ്നമാറ്റങ്ങളും മതിയാകില്ല. രാജ്യത്തിന്റെ യഥാർത്ഥ പുരോഗതിക്കായി ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസം ശക്തിപ്പെടുത്തണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കണം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ സുതാര്യമായ നയങ്ങൾ നടപ്പിലാക്കണം.
ഭരണവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുന്നതിൽ ഒതുങ്ങാതെ, ക്രമസമാധാനവും സാമൂഹിക ഐക്യവും നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട കാലമാണിത്. ചരിത്രത്തിൽ ചായം പൂശേണ്ടതിന്റെ ആവശ്യം രാജ്യത്തിനില്ല. കേൾക്കേണ്ടവരെ കേൾക്കുകയും, ചേർത്തുപിടിക്കേണ്ടവരെ ചേർത്തുപിടിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യ എന്ന ബഹുസ്വരതയുടെ യഥാർത്ഥ മൂല്യവും തിളക്കവും കൂടുതൽ ശക്തമാകൂ. പേരുകൾ മാറാം, ഫലകങ്ങൾ മാറാം; പക്ഷേ ചരിത്രം മാറില്ല. അത് ജനങ്ങളുടെ ഓർമ്മകളിലും പോരാട്ടങ്ങളിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്.
✍️ എ.പി. അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



