അകതാരിൽ  ഇശ്ഖിൻ്റെ  വസന്തം പെയ്തിറങ്ങിയ കണ്ണവം തങ്ങളുടെ ഗ്രാൻ്റ് മൗലിദ് മജ്ലിസ്

Sep 10, 2026 - 15:41
അകതാരിൽ  ഇശ്ഖിൻ്റെ  വസന്തം പെയ്തിറങ്ങിയ കണ്ണവം തങ്ങളുടെ ഗ്രാൻ്റ് മൗലിദ് മജ്ലിസ്

അകതാരിൽ ഇശ്ഖിൻ്റെ  വസന്തം പെയ്തിറങ്ങി എസ് വൈ എസ് കാസർകോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ കണ്ണവം തങ്ങളുടെ മൗലീദ് മജ്ലിസ്. തങ്ങളുടെ വീട്ടിലെ ഗ്രാൻ്റ് മൗലിദ് മജ്ലിസിൽ അണിനിരന്നത് ആയിരങ്ങളായ പ്രവാചക പ്രേമികൾ. തിരുനബി സ്മരണയിൽ ധന്യമായി റബീഉൽ അവ്വലിന്റെ സാന്ദ്രമായ വെളിച്ചം പരന്ന  പുണ്യ ദിനത്തിൽ മഞ്ഞം പാറയുടെ മണ്ണിൽ ആത്മീയതയുടെയും സ്നേഹത്തിന്റെയും മഹാസംഗമം. പ്രവാചക പ്രകീർത്തനങ്ങളുടെ മാധുര്യം തുളുമ്പിയ സദസിൽ,  കേരള- കർണാടകയിലെ  ആത്മീയ ചക്രവാളത്തിലെ നിറസാന്നിധ്യങ്ങളായ സാദാത്തീങ്ങളും ഉലമാക്കളും സംബന്ധിച്ചു. സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം അവരുടെ ഗൃഹാങ്കണത്തിൽ എല്ലാ വർഷവും ആചരിച്ചുവരുന്ന ഗ്രാൻഡ് മൗലീദ് മജ്ലിസ് ഈ വർഷവും സവിശേഷമായ ചൈതന്യത്തോടെയാണ് നടന്നത്. പ്രവാചക പ്രേമത്താൽ ജ്വലിച്ച ആത്മീയ സദസ്സ് വിശ്വാസി സമൂഹത്തിന് ഒരേസമയം നയനാനന്ദകരവും ഹൃദയഹാരിയുമായ അനുഭവമായി മാറി. ​വിവിധ ദേശങ്ങളിൽ നിന്നും ദിക്കുകളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരത്തെക്കൊണ്ട്  ഗ്രാമം അണിഞ്ഞൊരുങ്ങിയിരുന്നു. ജാതിമത ഭേദങ്ങൾക്കപ്പുറം, പണക്കാരനും പാവപ്പെട്ടവനും, അറിവിന്റെ വെളിച്ചം തേടുന്ന മുത്തഅല്ലിമീങ്ങളും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട സാധാരണക്കാരായ ജനങ്ങളും ഒരേ പായയിൽ, ഒരേ വിചാരത്തോടെ തിരുനബി (സ്വ) തങ്ങളുടെ മദ്ഹ് പാടാൻ ഒരു കുടക്കീഴിൽ അണിനിരന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രവാചക സ്നേഹം ഹൃദയത്തിലേന്തി ഈ പവിത്ര സംഗമത്തിലേക്ക് ഒഴുകിയെത്തിയത്.

​അഞ്ചായിരത്തിലേറെ വരുന്ന വിശ്വാസി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായ മൗലീദ് മജ്ലിസിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ നേതൃത്വം നൽകി. തിരുപ്പിറവിയുടെ ഓർമ്മകൾ അയവിറക്കിയും സ്വലാത്തുകളുടെ അലയൊലികൾ തീർത്തും ആ അന്തരീക്ഷം പുണ്യതീർത്ഥമായി മാറി. തങ്ങളുടെ പവിത്രമായ സാന്നിധ്യവും സ്നേഹനിർഭരമായ സ്വീകരണവും ഏവരുടെയും മനസ്സ് നിറച്ചു. മുത്തഅല്ലിമീങ്ങളുടെ ഹൃദയങ്ങളിൽ അറിവിന്റെ ആഴവും പ്രവാചക സ്നേഹവും ഒരുപോലെ പകർന്നുനൽകിയ ഈ മജ്ലിസ്, നാടിന്റെ സാംസ്കാരിക-ആത്മീയ ചരിത്രത്തിലെ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഏടായി മാറി. ആത്മീയ ഉണർവിനൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമായ മാതൃക കൂടിയാണ് ഈ ഒത്തുചേരൽ സമ്മാനിച്ചത്. മൗലീദ് പാരായണത്തിനും പ്രാർത്ഥനാ സദസ്സിനും ശേഷം നടന്ന സമൂഹ സദ്യയോടെയും അന്നദാനത്തോടെയുമാണ് ചടങ്ങുകൾ സമാപിച്ചത്. തിരുനബി സ്നേഹത്തിന്റെ തണലിൽ ഒത്തുകൂടിയ ഈ മഹാസംഗമം, വരുംകാലങ്ങളിലും ആത്മീയതയുടെ പുതിയ വെളിച്ചം പടർത്തി ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുമെന്നുറപ്പാണ്.

  • എൻ കെ എം ബെളിഞ്ച

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0