യുഎഇ ഭരണാധികാരിയുടെ ഈ വർഷത്തെ റമദാൻ അതിഥിയായി സി പി ഉബൈദുള്ള സഖാഫി  

Feb 18, 2026 - 18:27
യുഎഇ ഭരണാധികാരിയുടെ ഈ വർഷത്തെ റമദാൻ അതിഥിയായി സി പി ഉബൈദുള്ള സഖാഫി  

ദുബൈ: യുവ പണ്ഡിതനും പ്രഭാഷകനും സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡൻ്റുമായ സി പി ഉബൈദുള്ള സഖാഫി യുഎഇ പ്രസിഡൻറായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഈ വർഷത്തെ വിശിഷ്ട റമളാൻ അതിഥി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യുഎഇ ഔഖാഫ് പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു. രാജ്യാന്തര തലത്തിൽ മതപ്രഭാഷണ രംഗത്ത് സജീവമായ ഉബൈദുള്ള സഖാഫിയുടെ വരവ് യുഎഇയിലെ മത-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭവമായി വിലയിരുത്തപ്പെടുന്നു. യുഎഇ പ്രസിഡൻ്റിൻ്റെ പ്രത്യേക ക്ഷണിതാക്കളായി ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരെ ഓരോ വർഷവും റമളാൻ അതിഥികളായി ക്ഷണിച്ച് വരുത്തുന്നത് ദീർഘകാല പാരമ്പര്യമാണ്. റമളാൻ മാസത്തിലെ പകലും രാത്രിയും അബുദാബി, അൽ ഐൻ, മുസഫ, അജ്‌മാൻ ഷാർജ ദുബൈ ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ മജ്ലിസുകളിലും സർക്കാർ സംവിധാനങ്ങളിലൂടെ മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം ഇരുപത് ദിവസത്തോളം യുഎഇയിലെ വിവിധ എമിറേറ്റുകളിലായി ഉബൈദുള്ള സഖാഫി പ്രസംഗപരമ്പര നടത്തും. തദ്ദേശീയരോടൊപ്പം പ്രവാസി സമൂഹത്തിനും ആത്മീയ പ്രചോദനമാകുന്ന രീതിയിലാണ് പ്രഭാഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് റമളാൻ അതിഥിയായി യുഎഇയിൽ പ്രഭാഷണങ്ങൾ ആരംഭിച്ച പാരമ്പര്യം കാന്തപുരം എ പി അബൂകർ മുസ്ലിയാർ തുടക്കമിട്ടതാണ്. തുടർന്ന് നിരവധി പണ്ഡിതന്മാർ ഈ അവസരം വിനിയോഗിച്ച് യുഎഇയിലെ മസ്‌ജിദുകളിലും മതകേന്ദ്രങ്ങളിലുമുള്ള പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യം രേഖപ്പെടുത്തി വരുന്നു. മർക്കസ് ഗ്ലോബൽ ഡയറക്ടരായ ഉബൈദുള്ള സഖാഫിയുടെ ഇത്തവണത്തെ പങ്കാളിത്തം ഇന്ത്യക്കും കേരള സമൂഹത്തിനും അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0