നിതിൻ രാജിന്റെ ആത്മഹത്യ; പ്രൊഫസർ എം കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

Apr 17, 2026 - 12:28
Apr 17, 2026 - 12:32
നിതിൻ രാജിന്റെ ആത്മഹത്യ; പ്രൊഫസർ എം കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കോളേജ് പ്രൊഫസർ എം കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്ത് വരികയും പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കി വിദ്യാർത്ഥികൾ കോളേജിൽ സമരം നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. നിതിന്റെ മരണത്തിൽ റാമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ റാം ഒളിവിലാണെന്നാണ് വിവരം. നിതിന്റെ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡിജിപിയെ കണ്ടിരുന്നു. പിന്നാലെ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം കുടുംബത്തിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. നിതിന്റെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. മരിക്കുന്നതിന് മുൻപ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. എം.കെ റാമിനെതിരെ നേരത്തെയും വിദ്യാർത്ഥികൾ പരാതികൾ ഉന്നയിച്ചിരുന്നു. കോളേജിലെ അധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദരേഖകൾ. നിതിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിളിച്ചുവെന്നും പട്ടിണിയെന്നും വിളിച്ച് അധിക്ഷേപിച്ച് മറ്റു വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ നിതിൻ രാജിനെ കണ്ടെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0