'കൈകളിൽ രക്തം പുരണ്ട നിലയിൽ ശ്രീറാമിനെ കണ്ടു'; കെ എം ബഷീർ കൊലപാതക കേസിൽ സാക്ഷിയുടെ നിർണായക മൊഴി

Aug 7, 2026 - 11:12
Aug 7, 2026 - 11:15
'കൈകളിൽ രക്തം പുരണ്ട നിലയിൽ ശ്രീറാമിനെ കണ്ടു'; കെ എം ബഷീർ കൊലപാതക കേസിൽ സാക്ഷിയുടെ നിർണായക മൊഴി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടം നടന്നയുടൻ ശ്രീറാം വെങ്കിട്ടരാമനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി സാക്ഷി കോടതിയിൽ പ്രസ്താവിച്ചു. പബ്ലിക് ഓഫീസ് വാച്ച്മാനും കേസിലെ അഞ്ചാം സാക്ഷിയുമായ മിഥുൻ തോമസാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ ഈ നിർണായക മൊഴി നൽകിയത്. അപകടദിവസം താനും സുഹൃത്തും പി.ഡബ്ല്യു.ഡി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് മിഥുൻ തോമസ് കോടതിയെ അറിയിച്ചു. കാർ ഇടിക്കുന്നത് നേരിട്ട് കണ്ടില്ലെങ്കിലും വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ വാഹനം അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടു. ആ സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്നും, പിറ്റേന്നാണ് അപകടത്തിൽ മരിച്ചത് മാധ്യമപ്രവർത്തകനായ കെ.എം. ബഷീറാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും സാക്ഷി വ്യക്തമാക്കി. 

2019 ഓഗസ്റ്റ് 3-ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ചാണ് 'സിറാജ്' പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാറിടിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിട്ടുള്ളത്.  ദീർഘനാളത്തെ നിയമനടപടികൾക്കൊടുവിൽ അടുത്തിടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വിസ്തരിച്ച മറ്റ് ചില ദൃക്‌സാക്ഷികൾ പ്രതിയെ തിരിച്ചറിയുകയും ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിലാണ് കാറോടിച്ചതെന്ന് മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവർ കോടതിയിൽ മൊഴി മാറ്റി കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൂടുതൽ ശക്തമായ സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്ന അഞ്ചാം സാക്ഷിയുടെ ഈ പുതിയ മൊഴി പുറത്തുവന്നിരിക്കുന്നത്. കേസിലെ പ്രോസിക്യൂഷന് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ വെളിപ്പെടുത്തൽ.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0