ഭിന്നത രൂക്ഷം; പൊതുപരിപാടികളിൽ നിന്ന് പിന്മാറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ 

Sep 25, 2026 - 13:26
ഭിന്നത രൂക്ഷം; പൊതുപരിപാടികളിൽ നിന്ന് പിന്മാറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ 

ന്യൂഡൽഹി: വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട (SIR) തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന പൊതുപരിപാടികൾ മാറ്റിവെച്ചു. മീററ്റിലും വാരണാസിയിലും വോട്ടർ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാർഥികളുമായും യുവാക്കളുമായും നടത്താനിരുന്ന സംവാദങ്ങളും പ്രാദേശിക സമ്മേളനങ്ങളുമാണ് റദ്ദാക്കിയത്. തീയതികളിലെ ക്രമീകരണം സ്വാഭാവിക നടപടിയാണെന്നാണ് കമ്മീഷൻ ഔദ്യോഗികമായി വിശദീകരിക്കുന്നതെങ്കിലും, നിലവിലെ വിവാദങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

വോട്ടർ പട്ടികയിലെ പേര് വെട്ടൽ, ഫോം 6 മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ മുഖ്യ കമ്മീഷണറുടെ തീരുമാനങ്ങളോട് രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയം വൻ രാഷ്ട്രീയ വിവാദമായതോടെ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. മീററ്റിൽ സെപ്റ്റംബർ 24-ന് നടക്കേണ്ടിയിരുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സമ്മേളനവും, സെപ്റ്റംബർ 28-ന് വാരണാസിയിൽ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0