റാബിഅതുൽ അദവിയ്യ; ദൈവാനുരാഗത്തിന്റെ മാതൃക ജീവിതം
ആധ്യാത്മിക ലോകത്ത് മുഴുവൻ വിശ്വാസികൾക്കും മാതൃകയാണ് ബീവി റാബിഅതുൽ അദവിയ്യ(റ). ഹിജ്റ തൊണ്ണൂറ്റിയഞ്ചിൽ ബസ്വറയിലെ ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. പിതാവ് ഇസ്മാഈൽ സാത്വികനായിരുന്നു. എല്ലാം നാഥനിലേൽപ്പിച്ച അചഞ്ചല വിശ്വാസത്തിനുടമ. മുഴുസമയവും ആരാധനകളിൽ മുഴുകിയ ജീവിതം. മാതാവും വലിയ ഭക്തയായിരുന്നു. ഈ ദമ്പതികളുടെ നാലാമത്തെ പെൺകുട്ടിയായതുകൊണ്ടാണ് നാലാമത്തെവൾ എന്നർഥമുള്ള 'റാബിഅ' എന്നു പേരിട്ടത്.
ബാല്യത്തിൽ തന്നെ പിതാവും അധികം കഴിയാതെ മതാവും വഫാത്തായി. പിന്നീടുള്ള ജീവിതം കൊടും ദാരിദ്ര്യത്തിലായിരുന്നു. മഹതിയും സഹോദരിമാരും എല്ലാം അല്ലാഹു വിലേൽപ്പിച്ച് ദാരിദ്ര്യത്തോട് പടവെട്ടി ജീവിച്ചു. ഒരിക്കൽ വിശപ്പ് സഹിക്കാതായപ്പോൾ മഹതിയും സഹോദരിമാരും വീടുവിട്ടിറങ്ങി. ദിവസങ്ങളോളമായി വല്ലതും കഴിച്ചിട്ട്. ബസ്വറയിൽ ആഭ്യന്തര കലാപം രൂക്ഷമായ സമയം കുടിയാണ്. ഖവാരിജുകളും ശിയാക്കളുമെല്ലാം അമാവി ഭരണകൂടത്തിനെതിരെ കലാപംനടത്തുകയാണ്. സർക്കാരിൻ്റെ ഭാഗത്തുനിന്നു ശക്തമായ പ്രതിരോധ നീക്കവും നടക്കുന്നുണ്ട്. സംഘർഷാന്തരീക്ഷത്തിൽ വലിയ ദുരിത ത്തിലായത് റാബിഅയുടെ കുടുംബത്തെ പോലുള്ള ബസ്വറയിലെ ദരിദ്രരായിരുന്നു. ഭക്ഷ്യവസ്തുക്കളുൾപ്പെടെ അവശ്യ സാധനങ്ങളുടെയെല്ലാം ക്ഷാമം രൂക്ഷം. റാബിഅയും മൂന്ന് സഹോദരിമാരും ജീവൻ നിലനിർത്താൻ ഒരു റൊട്ടിക്കഷണമെങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയിൽ തെരുവുകളിലൂടെ അലഞ്ഞു. ഒന്നും ലഭിക്കാതെയായപ്പോൾ പലരും പല വഴികളിലായി യാത്ര. ഇപ്പോൾ റാബിഅ(റ) തനിച്ചാണ്. ചുറ്റും അപരിചിതരാണ്. പേടിച്ചു നടക്കുന്നതിനിടയിൽ ഏതോ ഒരു കൊള്ളക്കാരൻ ബീവിയെ പിടികുടി അടിമച്ചന്തയിൽ വിറ്റു. ആറു ദിർഹമിന് മഹതിയെ സ്വന്തമാക്കിയത് ഒരു ക്രൂരനായിരുന്നു. ബാലികയായ റാബിഅയെകൊണ്ടയാൾ ഭാരിച്ച ജോലികൾ ചെയ്യിച്ചു. വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ. കഠിനമായ ഉപദ്രവങ്ങൾ. പക്ഷേ, അതൊന്നും റാബിഅയുടെ ആത്മാവിനെ അലോസരപ്പെടുത്തിയില്ല. കുഞ്ഞുനാളിൽ തന്നെ ഹൃദയം ഇലാഹീ പ്രേമത്തിൽ അലിഞ്ഞ അവർ പരീക്ഷണങ്ങളെ വിജയത്തിലേക്കുള്ള
മാർഗങ്ങളായി കണ്ടു. ഈ ദുരിതം ക്ഷമിച്ചു മറികടന്നാൽ ഇലാഹി പ്രീതികരസ്ഥമാക്കി ഇരുലോക വിജയം നേടാം എന്നവർ തിരിച്ചറിഞ്ഞു. അതിനാൽ ഓരോ പരീക്ഷണങ്ങളേയും അവർ നന്നായി ആസ്വദിച്ചു.
അടിമപ്പണിക്കിടയിലും ആരാധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചക്കും അവർ തയാറായിരുന്നില്ല. പകൽ മുഴുവൻ പണിയെടുത്ത് തളർന്നിട്ടുണ്ടാകുമെങ്കിലും രാത്രി നിദ്രാവിഹീനയായി നാഥനു മുന്നിൽ ആരാധനയിലായി കഴിയും. ഒരുദിവസം രാത്രി വൈകിയും റാബിഅയുടെ മുറിയിൽ വെളിച്ചം കണ്ട യജമാനൻ അവിടെ ചെന്നു നോക്കി. കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. സുജൂദിൽ വീണ് പൊട്ടിക്കരഞ്ഞു പ്രാർഥിക്കുകയാണ് റാബിഅ(റ). 'നാഥാ, എൻ്റെ മനസ്സ് നിനക്കറിയാമല്ലോ.ലൗകികമായ എല്ലാ ആസ്വാദനങ്ങളും വെടിഞ്ഞ് എന്നെ പൂർണ മായിനിന്റെ മാർഗത്തിൽ സമർപ്പിക്കാനുള്ള തീവ്രമായ ആഗ്രഹത്തിലാണ് ഞാൻ. പൂർണ സ്വതന്ത്രയായിരുന്നെങ്കിൽ ഞാൻ ഒരു നിമിഷം പോലും പാഴാക്കില്ലായിരുന്നു. മുഴുസമയവും ആരാധനകളിലാകും. പക്ഷേ, എൻ്റെ രോദനം നിനക്കറിയാമല്ലോ. പകൽ മുഴുവനും യജമാനന് വേണ്ടി മാറ്റിവെക്കേണ്ടിവരുന്നതിൽ ഞാൻ അതീവ ദുഃഖിതയാണ്. എൻ്റെ നിസ്സഹായാവ സ്ഥനിനക്കറിയാമല്ലോ.' എന്തോ ഒരു ആത്മീയ ചൈതന്യം അവരിൽ ചൂഴ്ന്നുനിൽക്കുന്നതായി അദ്ദേഹത്തിനു തോന്നി. ആ പ്രാർഥന കേട്ട യജമാനന് മാനസാന്തരമുണ്ടായി.
പിറ്റേദിവസം തന്നെ യജമാനൻ മഹതിയെ വിളിച്ച് സന്തോഷ വാർത്ത കൈമാറി. ഈ നിമിഷം മുതൽ നിങ്ങൾ സ്വതന്ത്രയാണ്. ആഗ്രഹമുണ്ടെങ്കിൽ ഇവിടെ തന്നെ സ്വതന്ത്രയായി ജീവിതം തുടരാം. ഞങ്ങൾ മഹതിയുടെ സേവകരാകാം.ഇവിടം വിട്ടുപോകാനാണ് ആഗ്രമെങ്കിൽ അങ്ങനെയുമാവാം. മഹതി അവസാനത്തേതാണ് തെരഞ്ഞെടുത്തത്. കുറച്ചു കാലം ബസ്വറയിൽ കഴിഞ്ഞ് പല ജ്ഞാനികളുമായും സന്ധിച്ചു. അവരിൽ നിന്ന് ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുകയും ആത്മജ്ഞാനം നുകരുകയും ചെയ്തു. പർണ ശാലകളിൽ നിന്ന് ലഭിച്ചതും ഗുരുക്കന്മാർ പകർന്നുതന്നതുമായ മാർഗത്തിലൂടെ ജീവിതം നയിച്ചു.
ഒരു വിജനപ്രദേശത്ത് ചെറിയൊരു കുടിൽ കെട്ടി ഏകാന്തവാസമാരംഭിച്ചു. അവിടെ ആരാധനകളിലായിമുന്നോട്ടുപോയി. രാത്രി ഉറക്കമൊഴിച്ചുള്ള ആരാധനയാണ്. പകൽ ഉദയത്തിന് ശേഷം നിസ്‌കാരപ്പായയിൽ തലചായ്ച്ച് അൽപമൊന്ന് മയങ്ങിയെങ്കിലായി. വൈകാതെ ഉണരും ശരീരത്തെ തട്ടിയുണർത്തി അവർ സ്വയം ഉപദേശിക്കും. 'എന്തൊരു ഉറക്കമാണിത്, നിന്നെ സൃഷ്ടിച്ചത് നാഥന് ആരാധനകളർപ്പിക്കാൻ വേണ്ടിയാണ്. ആ സമയം നീ ഉറങ്ങിത്തീർക്കുകയാണോ?' അങ്ങനെ വീണ്ടും ആരാധനകളിൽ സജീവമാകും. മനം നിറയെ അല്ലാഹുവും ഇലാഹി പ്രണയവുമായതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തിന് റാബിഅ(റ) തയാറായില്ല. ആത്മജ്ഞാനികളിൽ പെട്ടവരും ചില ധനികരുമെല്ലാം കല്യാണാലോചനയുമായി സമീപിച്ചെങ്കിലും വിസമ്മതിച്ചു. ശരീരത്തെ നിഷിദ്ധ കാര്യങ്ങളിൽ നിന്നും മോഹന ചിന്തകളിൽ നിന്നും അകറ്റിനിർത്താനുള്ള ഇച്ഛാശക്തി എപ്പോഴും അവരിലുണ്ടായിരുന്നു.
സമ്പത്തിനെ വെറുത്ത അവർ ഹദ്യ പോലും വാങ്ങാൻ മടിച്ചിരുന്നു. മിസ്അബു ബ്നു ആസിം ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. മഹതിയുടെ അടുക്കൽ 40 ദിർഹമുമായി ഒരാൾ കടന്നുവന്നു. പണക്കിഴി അവർക്കുനേരെ നീട്ടി ഇങ്ങനെ പറഞ്ഞു: '40 ദിർഹമുണ്ട്. നിങ്ങൾക്ക് ആവശ്യം വരുമ്പോൾ ഉപകാരപ്പെടും' ഇതു കേട്ട് അവർ തല ഉയർത്തി. കവിളിലൂടെ കണ്ണീരൊലിക്കുന്നുണ്ട്. 'ഈ ലോകം അള്ളാഹുവിന്റെ ഉടമസ്ഥതയിലാണ്. അവനറിയാം എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും. ഞാൻ ദുൻയാവ് ചോദിക്കുന്ന കാര്യത്തിൽ ലജ്ജി ക്കുന്നവളാണെന്നും അവനറിയാം. പിന്നെ ഞാനെന്തിനു ഈ പണം സ്വീകരിക്കണം' എന്നായിരുന്നു അവിടുത്തെ മറുപടി.
നരകത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആയത്തുകൾ ഓതുമ്പോഴും കേൾക്കുമ്പോഴും മഹതി കരയുമായിരുന്നു. ഒരിക്കൽ അബ്ദുല്ലാഹിബ്നു ഈസ് മഹതിയുടെ വീട്ടിലേക്കു ചെന്നപ്പോൾ ഒരാൾ അവിടെയിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നതു കണ്ടു. ഓതിക്കൊണ്ടിരിക്കെ നരകത്തെക്കുറിച്ച് പറയുന്ന ആയത്ത് എത്തി. ഉടനെ മഹതി അട്ടഹസിച്ചു വീണുപോയി. നുരുമ്പിയ മുളപ്പായയിലായിരുന്നു അവർ ഇരുന്നിരുന്നത്. കരയുന്ന സമയത്ത് കണ്ണുനീർ തുള്ളികൾ വീണ് വെള്ളമിറ്റുന്ന ശബ്ദം ഉയർന്നു കേൾക്കുമായിരുന്നു. പലപ്പോഴും നിസ്‌കാരം കഴിയുമ്പോൾ മഹതിയുടെ മുഖത്ത് കണ്ണുനീർ ചാലിട്ടൊഴുകിയ അടയാളങ്ങൾ കാണാനാവും. സ്വർഗം ലഭിക്കാൻ വേണ്ടിയോ, സങ്കൽപിക്കാൻ പോലും കഴിയാത്ത അവിടത്തെ അനുഭൂതികൾ ആസ്വദിക്കാനോ ആയിരുന്നില്ല ബീവിയുടെ കർമങ്ങൾ. നരകാഗ്നിഭയന്നതു കൊണ്ടായിരുന്നില്ല തെറ്റുകളിൽ നിന്ന് മാറിനിന്നതും. ഉടമയായ അല്ലാഹുവിന്റെ തൃപ്‌തികരസ്ഥമാക്കുക എന്നത് മാത്രമായിരുന്നു മഹതിയുടെ ലക്ഷ്യം. തന്നെ നരകത്തിലിടലാണ് അല്ലാഹുവിന് തൃപ്തിയെങ്കിൽ നരകമാണെനിക്കിഷ്ടം എന്നാ യിരുന്നു ബീവിയുടെ മനോഗതം. എൻപതാം വയസ്സിൽ ബസ്വറയിൽ വെച്ചുതന്നെയാണ് മഹതി വഫാത്തായത്.
✍️ നാഫിഹ്. വി.പി.എം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



