ആക്സിയം 4 പേടകം ബഹിരാകാശത്തേക്ക്; ഇന്ത്യയുടെ അഭിമാനമായി ശുഭാംശു ശുക്ല

Jun 25, 2025 - 15:24
ആക്സിയം 4 പേടകം ബഹിരാകാശത്തേക്ക്; ഇന്ത്യയുടെ അഭിമാനമായി ശുഭാംശു ശുക്ല

ഫ്ളോറിഡ | ആക്സിയം 4 പേടകം ബഹിരാകാശത്തേക്ക് കുതിച്ചു.  ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കം നാലുപേരെ വഹിച്ചുള്ള പേടകമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നത്. 41 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് തിരിക്കുന്നു എന്നത് ദൗത്യത്തിന്റെ സവിശേഷതയാണ്. രാകേഷ് ശര്‍മക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. ഇന്ന് ഇന്ത്യന്‍ സമയം 12.01ഓടെയാണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപണം നടത്തിയ ഉപഗ്രഹം  28 മണിക്കൂര്‍ നീണ്ട യാത്രക്കു ശേഷം നാളെ വൈകിട്ടാണ് ബഹിരാകാശ നിലയത്തിലെത്തുക. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. 700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്‌പേസ് പര്യവേഷണവുമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോര്‍ട്ട് സിസ്റ്റത്തിന് നിര്‍ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാര്‍ധക്യത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്. 14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക. കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര. ശുഭാംശുവാണ് പേടകത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തില്‍ 60 പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇതില്‍ ഏഴെണ്ണം ഇന്ത്യന്‍ ഗവേഷകരില്‍ നിന്ന് ഐ എസ് ആര്‍ ഒ തിരഞ്ഞെടുത്തതാണ്. ഭക്ഷ്യവിള വിത്തുകളുടെ വളര്‍ച്ചയിലും വിളവിലും സൂക്ഷ്മഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനം ഭക്ഷ്യയോഗ്യമായ മൈക്രോആല്‍ഗകളില്‍ ഐ എസ് എസിലെ മൈക്രോഗ്രാവിറ്റിയുടെയും റേഡിയേഷന്റെയും സ്വാധീനം, മൈക്രോഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനത്തില്‍ മെറ്റബോളിക് സപ്ലിമെന്റുകളുടെ പ്രഭാവം, ബഹിരാകാശത്ത് മുളപ്പിക്കുന്ന സാലഡ് വിത്തുകള്‍: ക്രൂ പോഷകാഹാരത്തിന്റെ പ്രസക്തി, ബഹിരാകാശത്ത് യൂട്ടാര്‍ഡിഗ്രേഡ് പാരാമക്രോബയോട്ടസ് എസ് പി. ബി എല്‍ ആര്‍ സ്‌ട്രെയിനിന്റെ അതിജീവനം, പുനരുജ്ജീവനം, പുനരുത്പാദനം, മൈക്രോഗ്രാവിറ്റിയിലെ ഇലക്ട്രോണിക് ഡിസ്‌പ്ലേകളുമായുള്ള മനുഷ്യ ഇടപെടല്‍ തുടങ്ങിയ പഠനങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0