വടകര മാടാക്കര പള്ളിയിലെ ലാത്തിച്ചാർജ്: വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി

Aug 28, 2026 - 09:42
വടകര മാടാക്കര പള്ളിയിലെ ലാത്തിച്ചാർജ്: വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി

കോഴിക്കോട്: വടകര മാടാക്കര മുസ്‌ലിം പള്ളിയിലുണ്ടായ സംഘർഷത്തിനിടെ ബൂട്ടിട്ട് അകത്തുകയറി ലാത്തിവീശിയ പോലീസുകാർക്കെതിരെ കർശന നടപടി. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.പി. ഷമീൽ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫാണ് ഉത്തരവിറക്കിയത്.  എസ്‌.ഐ പി.പി. ഷമീലിന് പുറമെ എ.എസ്.ഐമാരായ മനോജൻ, മനോജ് കുമാർ, സി.പി.ഒമാരായ അനിൽകുമാർ, പ്രവീൺകുമാർ എന്നിവരെയാണ് കോഴിക്കോട് റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.  

പള്ളിയിലെ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായതിനെ തുടർന്നാണ് പോലീസ് പള്ളിയിൽ പ്രവേശിച്ചത്. എന്നാൽ പ്രാർത്ഥനാ മന്ദിരത്തിനുള്ളിൽ പോലീസുകാർ ബൂട്ട് ധരിച്ച് പ്രവേശിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന് ഉത്തരമേഖലാ ഡി.ഐ.ജിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.  സ്ഥലംമാറ്റത്തിന് പിന്നാലെ പയ്യോളി എസ്.എച്ച്.ഒ ജയ്‌മോൻ പി.ജെ-യെ ചോമ്പാല പോലീസ് സ്റ്റേഷൻ പുതിയ എസ്.എച്ച്.ഒ ആയി നിയമിച്ചു. അതേസമയം, പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0