സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വെളിപ്പെടുത്തൽ: അടിയന്തര അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്

Aug 28, 2026 - 09:50
സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വെളിപ്പെടുത്തൽ: അടിയന്തര അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദശാബ്ദങ്ങളായി കേരള പൊലീസിനെ വലയ്ക്കുന്ന പ്രശസ്തമായ ചാക്കോ വധക്കേസിലെ ഒന്നാം പ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുകളിൽ അടിയന്തര അന്വേഷണത്തിന് ഒരുങ്ങി ക്രൈംബ്രാഞ്ച്. വാർത്തകളുടെയും മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ, വിഷയം ഗൗരവമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ചിന് നിർദേശം ലഭിച്ചു.

ബ്രൂണെയിലെ 'ജോൺ മേനോൻ'സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള വ്യക്തി 'ജോൺ മേനോൻ' എന്ന പേരിൽ ബ്രൂണെയിൽ കഴിയുന്നുണ്ടെന്നാണ് പുറത്തുവരുന്ന പ്രധാന വിവരം. മലേഷ്യയിൽ ജനിച്ച മലയാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ അവിടെ താമസിക്കുന്നതെന്നും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാൾ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

ബ്രൂണെയിൽ കണ്ട വ്യക്തി സുകുമാരക്കുറുപ്പ് തന്നെയോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനായി ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇന്റർപോളിന് ഉടൻ കത്തയക്കും. ഫോട്ടോയും നിലവിൽ ലഭിച്ചിട്ടുള്ള വിവരങ്ങളും ഇന്റർപോളിന് കൈമാറി വ്യക്തത വരുത്തിയ ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ.  80 വയസ്സിലധികം പ്രായമുള്ളതും ഹൃദ്രോഗബാധിതനുമായിരുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും, കേസ് അവസാനിപ്പിക്കുന്നതിലേക്ക് നീങ്ങുകയാണെന്നുമുള്ള നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, സാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും 169-ഓളം തെളിവുരേഖകളും കൈമാറിയെന്ന അവകാശവാദങ്ങളോടെ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ കേസ് വീണ്ടും സജീവമായിരിക്കുകയാണ്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0