ഹയർ സെക്കണ്ടറി പ്രവേശനം: ഉപരിപ്ലവമായ പ്രകടനങ്ങളല്ല, ശാശ്വതമായ പരിഹാരമാണ് ആവശ്യം: എസ് എസ് എഫ്

Aug 13, 2026 - 12:13
Aug 13, 2026 - 12:18
ഹയർ സെക്കണ്ടറി പ്രവേശനം: ഉപരിപ്ലവമായ പ്രകടനങ്ങളല്ല, ശാശ്വതമായ പരിഹാരമാണ് ആവശ്യം: എസ് എസ് എഫ്

കാസർകോട്: ജില്ലയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഹയർ സെക്കണ്ടറി സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ പ്രഖ്യാപിച്ചുള്ള ഉപരിപ്ലവമായ പ്രകടനങ്ങൾ അവസാനിപ്പിച്ച് ദീർഘകാല കാഴ്ചപ്പാടോടെയുള്ള ശാശ്വത നടപടികൾ സ്വീകരിക്കണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ലാ അനലൈസ ആവശ്യപ്പെട്ടു. എല്ലാ വർഷവും എസ് എസ് എൽ സി ഫലം വരുമ്പോൾ ജില്ലയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് പോലും പ്ലസ് വൺ പഠനത്തിന് അവസരം ലഭിക്കാത്ത അവസ്ഥയാണ്. പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ഏതാനും താത്കാലിക ബാച്ചുകൾ അനുവദിച്ച് കണ്ണ് കെട്ടുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത് കുട്ടികളുടെ ഭാവി വച്ച് കളിക്കുന്നതിന് തുല്യമാണ്. ശാസ്ത്രീയമായ പഠനം നടത്തി ജില്ലയിൽ ഹയർ സെക്കണ്ടറി സ്കൂളുകളില്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ ഹൈസ്‌കൂളുകളെ ഹയർ സെക്കണ്ടറികളായി ഉയർത്തുകയോ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തി മാത്രം പുതിയ ബാച്ചുകൾ അനുവദിക്കുകയോ ചെയ്യണം. കുട്ടികൾ കൂടുതലുള്ളതും സ്കൂളുകൾ കുറവുള്ളതുമായ മേഖലകൾ കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറികൾ അനുവദിച്ചുകൊണ്ട് പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂടം തയ്യാറാകണം.

കാഞ്ഞങ്ങാട് അഴീത്തലയിൽ വെച്ച് നടന്ന ജില്ലാ അനലൈസ സംസ്ഥാന പ്രവർത്തക സമിതി അംഗം ബാരി ബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് റഹീസ് മുഇനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഇല്യാസ് നിസാമി കൗൺസിൽ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി മുർഷിദ് പുളിക്കൂർ പൊതു റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി ഫയാസ് പട്ട്ല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0