യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 2026-27 വർഷത്തെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചു. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക് ബജറ്റിൽ 100 കോടി അനുവദിച്ചിട്ടുണ്ട്. ഐഐടി മാതൃകയിൽ എൻജിനീയറിങ് കോളജുകളെ ബന്ധിപ്പിച്ച് റിസർച്ച് പാർക്കിന് 60 കോടിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്ലോബൽ ജോബ് ടവറും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ അവസരമൊരുക്കുന്ന 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. 'വയനാട് ട്രൈബൽ സർവകലാശാല'യും 'തദ്ദേശീയ വിജ്ഞാന മേഖല'യും ആരംഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.
സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് 400 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചുകൊണ്ട് അഴീക്കൽ ബേപ്പൂർ തുറമുഖ വികസനവും ഇതിൽ ഉൾപ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയും നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആവിഷ്കരിക്കും.
പതിനായിരത്തോളം എം.എസ്.എം.ഇ സംരംഭങ്ങൾ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്കീമിന് രൂപം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഗുരുതര രോഗം ബാധിച്ചവർക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും തുടർ വിദ്യാഭ്യാസത്തിന് പണമില്ലാത്തവർക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായി 'വൺ കേരള കരുതൽ മിഷൻ' സ്ഥാപിക്കും. വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ധ്യം എന്നിവ ഉൾപ്പെടുന്ന 'സിൽവർ ഇക്കോണമി' വികസിപ്പിക്കും. സംസ്ഥാനത്ത് അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്.
കിഫ്ബിയുമായി ബന്ധപ്പെട്ട് അതിന്റെ നടത്തിപ്പ് പഠിക്കാൻ കമ്മിറ്റിയെ വെക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. അതോടൊപ്പം തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള എക്കണോമിക് കോറിഡോറും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക ജില്ലകളായ കാസർകോടിനും വയനാടിനും ഇടുക്കിക്കുമായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വാഗ്ദാനമായ ഇന്ദിരാഗാന്ധിയിലെ പ്രിയദർശിനി സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസിക്ക് 600 കോടി അനുവദിച്ചു. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0