ഒന്നരവർഷത്തിനിടെ നടന്നത് 15ൽപരം ആക്രമണങ്ങൾ; സീതാംഗോളി സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നുവെന്ന് പരാതി 

May 1, 2026 - 14:35
ഒന്നരവർഷത്തിനിടെ നടന്നത് 15ൽപരം ആക്രമണങ്ങൾ; സീതാംഗോളി സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നുവെന്ന് പരാതി 

സീതാംഗോളി: ഒന്നര വർഷത്തിനിടെ കൊലപാതകവും വധശ്രമവും അടക്കം പതിനഞ്ചിൽപരം ആക്രമണങ്ങൾ നടന്ന സീതാംഗോളി ടൗൺ സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നുവെന്ന പരാതിയുമായി നാട്ടുകാർ. പല ക്രിമിനൽ കേസുകളിലുംപ്പെട്ട പ്രതികൾ സമീപത്തെ ബിവറേജ് മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി കഴിച്ച് രാവിലെ തൊട്ട് അർദ്ധരാത്രി വരെ ഒരു നിയന്ത്രണവുമില്ലാതെ അഴിഞ്ഞാടുന്നത് നാട്ടുകാർക്കും പോലീസിനും തലവേദനയാവുകയാണ്. സീതാംഗോളി ടൗണിലെ പോലീസ് എയ്ഡ് പോസ്റ്റിൽ രണ്ട് പോലീസുകാർ മാത്രമാണുള്ളത്. സംഘട്ടനത്തിൽപ്പെടുന്നവരെ നിയന്ത്രിക്കാൻ എത്തിയ പോലീസുകാരെ തന്നെ മദ്യലഹരിയിൽ ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായിട്ടുണ്ട്. ഇവിടെ എ.എസ്.ഐ അടക്കം അഞ്ചോളം പോലീസുകാരെ നിയമിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.

ബിവറേജ് ഔട്ട് ലെറ്റ് അവധി ദിവസങ്ങളിൽ ചില കടകൾ സീതാംഗോളിയിൽ സമാന്തര ബാറുകളായി പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്. എട്ടു മാസം മുൻപ് മീൻ വിൽപ്പനക്കാരനായ ബദിയടുക്ക സ്വദേശിയെ സീതാംഗോളി ടൗണിൽ വെച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിന് ശേഷം പല തവണകളായി ബിവറേജ് ഔട്ട് ലെറ്റിന്റെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബോർഡുകൾ വലിച്ചെറിയുകയും ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ലോട്ടറി വിൽപനക്കാരനെ കടയിൽ കയറി മർദ്ദിച്ചതിന് ഒരാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് ദിവസം മുമ്പ് പ്രായ പൂർത്തിയാകാത്ത കുട്ടികൾ കാറിലും ബൈക്കിലുമെത്തി പരസ്പരം സംഘട്ടനത്തിലേർപ്പെട്ടിരുന്നു. പല അക്രമസംഭവങ്ങളും നടന്നിട്ടും പലരും കേസും വഴക്കും വേണ്ടെന്ന് പറഞ്ഞിട്ടും ഒഴിവായി പോകുന്നത് പതിവ് കാഴ്ചയാണ്. രാത്രി കാലങ്ങളിൽ വഴി നടന്നുപോകുന്നവരേയും വ്യാപാരികളേയും ഭീഷണിപ്പെടുത്തി മദ്യപാനികൾ പണം തട്ടുന്ന സംഭവങ്ങളും പതിവായിരിക്കുകയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0