ചരിത്രമായി സമസ്ത സമൂഹ വിവാഹം; 850 യുവതി- യുവാക്കൾക്ക് സ്വപ്‌ന സാഫല്യം
പാടന്തറ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നീലഗിരി പാടന്തറയിൽ നടത്തിയ സമൂഹവിവാഹം രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹച്ചടങ്ങായി മാറി. 850 യുവതീയുവാക്കളാണ് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നീലഗിരിയിലെ തോട്ടം തൊഴിലാളികളുടെ മക്കൾ, കേരളം, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതീയുവാക്കളുമാണ് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇതിൽ 34 പേരുടെ വിവാഹം പാടന്തറ മാരിയമ്മൻ കോവിലിൽ നടന്നു. നവദമ്പതികൾക്ക് വിവാഹ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകി. ഇവരുടെ കുടുംബക്കാരിൽ നിന്നും മറ്റും പങ്കെടുത്ത ഒരു ലക്ഷത്തോളം ആളുകൾക്ക് ഭക്ഷണവും ഒരുക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിവാഹം മുടങ്ങുന്നതിൽ നിന്ന് കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ രണ്ടായിരത്തോളം വിവാഹങ്ങളാണ് പൂർത്തീകരിച്ചത്. ദർസ് രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാരെ ആദരിച്ചു. പാടന്തറ മർകസിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും നടത്തി. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, മാളിയേക്കൽ സുലൈമാൻ സഖാഫി, സി.കെ. കെ. മദനി, സയ്യിദ് അലി അക്ബർ സഖാഫി, അബ്ദുറഹ്മാൻ ദാരിമി, സീഫോർത്ത് മജീദ് ഹാജി, കെ.പി. മുഹമ്മദ് ഹാജി, സി.കെ.എം. പാടന്തറ, ടി.പി. ഹക്കീം, ഫിറോസ് സഖാഫി, മജീദ് കക്കാട് എന്നിവർ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0