അന്താരാഷ്ട്ര സമാധാനത്തിന് ഇന്ത്യ മുൻകൈയെടുക്കണം: എസ് വൈ എസ് 

Apr 5, 2026 - 12:09
Apr 5, 2026 - 12:10
അന്താരാഷ്ട്ര സമാധാനത്തിന് ഇന്ത്യ മുൻകൈയെടുക്കണം: എസ് വൈ എസ് 

കണ്ണൂർ: ലോകത്ത് സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കും വിധം യുദ്ധത്തിന്റെ കെടുതികൾ വർദ്ധിച്ചുവരികയാണെന്നും വെടിനിർത്തൽ ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും മുൻകൈയെടുത്ത് ഇന്ത്യ രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ദിനേനയുള്ള അന്നത്തിന് വേണ്ടി അധ്വാനിക്കുന്നവരുടെ അടുക്കളകളെയാണ് ഏത് സംഘർഷങ്ങളും ആദ്യം ബാധിക്കുക. നിലവിലെ യുദ്ധ സാഹചര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൊല്ലപ്പെടുന്ന സാധാരണക്കാരും കുഞ്ഞുങ്ങളും മുഴുവൻ മനുഷ്യരുടെയും നൊമ്പരമാണ്. ആണവായുധങ്ങളടക്കം പ്രയോഗിച്ചേക്കാമെന്ന അവസ്ഥ വെല്ലുവിളിക്കുന്നതും നിരപരാധികളായ സാധാരണക്കാരെ തന്നെയാണ്. ഈ പ്രതിസന്ധി കാലത്തെ മറികടക്കാൻ മനുഷ്യ സമൂഹം ഒറ്റക്കെട്ടായി സമാധാന ശ്രമങ്ങളുടെ കൂടെ നിൽക്കണം. യു എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും സംഘങ്ങളും കാര്യക്ഷമമായി ഇടപെടണം. ചേരിചേരാ നിലപാടുകളിലൂടെ ലോകത്ത് സമാധാനത്തിന്റെ പക്ഷം ചേർന്ന ചരിത്രമുള്ള ഇന്ത്യ ഈ വെറുപ്പിന്റെ കാലത്തെ മറികടക്കാൻ ലോക ജനതയ്ക്ക് വഴിയൊരുക്കണം. ലോകത്തെ വിവിധയിടങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടേതടക്കമുള്ള മുഴുവൻ മനുഷ്യരുടെയും സമാധാനപൂർണ്ണവും സുരക്ഷിതവുമായ ജീവിതം നമ്മുടെ ലക്ഷ്യമാകണമെന്നും അതിനു വേണ്ടിയുള്ള ഏത് ഇടപെടലുകളും അനിവാര്യവും പ്രചോദനാത്മകവുമാണെന്നും എസ് വൈ എസ് അഭിപ്രായപ്പെട്ടു.

രണ്ട് ദിവസങ്ങളിലായി കണ്ണൂർ മാട്ടുലിൽ നടന്ന സംസ്ഥാന കൗൺസിൽ പ്രസിഡന്റ് ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി ഉദ്ഘാടനം ചെയ്തു. ഡോ. ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിഷയം അവതരിപ്പിച്ചു. റഹ്മത്തുല്ല സഖാഫി എളമരം, എം മുഹമ്മദ് സ്വാദിഖ്, ആർ പി ഹുസൈൻ, അബ്ദുറശീദ് സഖാഫി മെരുവമ്പായി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ, ശക്കീർ അരിമ്പ്ര, ഉമർ ഓങ്ങല്ലൂർ, എം എം ഇബ്റാഹീം ചർച്ചയിൽ പങ്കെടുത്തു. മജീദ് അരിയല്ലൂർ സ്വാഗതവും അബ്ദുറശീദ് നരിക്കോട് നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0