എസ് ജെ എം സെന്റിനറി മുഅല്ലിം ഭവന പദ്ധതി; കാസർഗോഡ് ജില്ലയിലെ ആദ്യ വീട് കൈമാറി 

Oct 19, 2026 - 13:29
എസ് ജെ എം സെന്റിനറി മുഅല്ലിം ഭവന പദ്ധതി; കാസർഗോഡ് ജില്ലയിലെ ആദ്യ വീട് കൈമാറി 

കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ അധ്യാപകർക്കായി നടപ്പിലാക്കുന്ന 'സെന്റിനറി മുഅല്ലിം ഭവന പദ്ധതി'യിലൂടെ കാസർഗോഡ് ജില്ലയിൽ പൂർത്തിയായ ആദ്യ വീടിന്റെ സമർപ്പണം നടന്നു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം നിർവഹിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി വി.വി അബൂബക്കർ സഖാഫി ഭവനത്തിന്റെ താക്കോൽ കൈമാറി. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി.

സംസ്ഥാന വ്യാപകമായി മദ്രസ അധ്യാപകർക്കായി 100 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് 49-ാമത്തെ വീടിന്റെ സമർപ്പണമാണ് ചെട്ടുംകുഴിയിൽ നടന്നത്.    ജില്ലയിൽ അനുവദിച്ച മറ്റ് 5 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയാകുന്ന മുറയ്ക്ക് ഇവയും മുഅല്ലിം കുടുംബങ്ങൾക്ക് തുറന്നുകൊടുക്കും. 7 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുന്നത്. സംസ്ഥാന, ജില്ലാ വെൽഫെയർ ഫണ്ടുകളിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചിട്ടുള്ളത്.
ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ മുഖ്യാതിഥികളായി. സോൺ പ്രസിഡന്റ് സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, ജില്ലാ സെക്രട്ടറി പി.ബി. ബഷീർ പുളിക്കൂർ, സെന്റിനറി ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ ജനറൽ കൺവീനർ അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ക്യാബിനറ്റ് അംഗം ഇല്യാസ് കൊറ്റുമ്പ, എസ്.എം.എ. ജനറൽ സെക്രട്ടറി ബഷീർ മങ്കയം, ഫിനാൻസ് സെക്രട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി, എസ്.വൈ.എസ്. സോൺ പ്രസിഡന്റ് ശാഫി സഖാഫി എണിയാടി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

What's Your Reaction?

Like Like 2
Dislike Dislike 1
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0