ഇൻഷുറൻസ് തുകക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

Apr 4, 2026 - 14:06
Apr 4, 2026 - 14:11
ഇൻഷുറൻസ് തുകക്ക് വേണ്ടി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: ഭാര്യയുടെ പേരിൽ പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയെടുത്തത്തിന് പിന്നാലെ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വർഷത്തിനുശേഷം പോലീസ് പിടിയിലായി. മംഗളൂരുവിൽ പുതിയ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മറ്റൊരു പേരിൽ രൂപം മാറ്റിയായിരുന്നു ഇയാൾ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അരീക്കോട് വാവൂർ സ്വദേശി മുഹമ്മദ് ശരീഫിനെയാണ് കർണാടകയിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്‌തത്‌. 2013 ജൂലൈ 21-നാണ് ഭാര്യ ഒളവട്ടൂർ സ്വദേശി സാബിറയെയും രണ്ട് പെൺമക്കളെയും മുഹമ്മദ് ശരീഫ് വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചിറക്കി കൊലപ്പെടുത്തിയത്. ടയർ പഞ്ചറായി വാഹനം വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിന് രണ്ട് മാസം മുൻപ് ഇയാൾ ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. അത് കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച് ആഡംബര ജീവിതം നയിക്കാനായിരുന്നു ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 2013 ജൂലൈ 23-ന് ശരീഫിനെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിരുന്നുവെങ്കിലും ജാമ്യം കിട്ടിയ ശരീഫ് കോടതിയിൽ ഹാജരാകാതെ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ കർണാടകയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മംഗളൂരുവിൽ നിന്നും കണ്ടെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0