ഹൈസ്കൂൾ പരീക്ഷാ ക്രമീകരണത്തിൽ മാറ്റം വേണം: എസ് വൈ എസ്
കാസർകോട്: മാർച്ച് 20 ന് പെരുന്നാൾ വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മാർച്ച് 19-ന് ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ ക്ലാസുകളിൽ പരീക്ഷ നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്ന് എസ്.വൈ.എസ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ദൂരസ്ഥലങ്ങളിലും താമസിച്ച് പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളെ ഈ സമയക്രമം പ്രതികൂലമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. 19-ന് ഉച്ചയ്ക്ക് ശേഷം പരീക്ഷ എഴുതി ഇറങ്ങുന്ന കുട്ടികൾക്ക് വളരെ ദൂരെയുള്ള തങ്ങളുടെ വീടുകളിലേക്ക് പെരുന്നാളിന് മുൻപായി എത്തിച്ചേരുക എന്നത് വലിയ പ്രയാസമായിരിക്കും. പൊതുഗതാഗത സൗകര്യങ്ങളുടെ പരിമിതിയും യാത്രാത്തിരക്കും കുട്ടികൾക്കും അവരെ കൊണ്ടുപോകാൻ എത്തുന്ന രക്ഷിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രയാസം കണക്കിലെടുത്ത് 19-ലെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷാ സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തയ്യാറാകണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കാസറഗോഡ് സുന്നി സെന്റർ സെന്റിനറി ഹാളിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗം ജില്ലാ ഉപാധ്യക്ഷൻ അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യയക്ഷതയിൽ താജുദ്ദീൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ആമുഖ പ്രഭാഷണവും ജമാലുദ്ദീൻ സഖാഫി ആദൂർ ഇൻസൈറ്റ് അവതരണവും നടത്തി. അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ, ഹാരിസ് ഹിമമി സഖാഫി, അബ്ദുൽ അസീസ് സഖാഫി മച്ചാമ്പാടി, മുനീർ എർമാളം, സിദ്ധീഖ് ഹനീഫി, യുസുഫ് സഖാഫി, ഷെറീൻ ഉദുമ, ശകീർ മാസ്റ്റർ, ഫാറൂഖ് കുബണൂർ വിവിധ ഡയറക്ടറേറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0