രാഷ്ട്രീയ താത്പര്യങ്ങളോടെയുള്ള ഇടപെടലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: എസ് വൈ എസ് 

Aug 7, 2026 - 12:14
Aug 7, 2026 - 15:24
രാഷ്ട്രീയ താത്പര്യങ്ങളോടെയുള്ള ഇടപെടലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: എസ് വൈ എസ് 

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ അർഹമായ അധികാരങ്ങൾ എടുത്തു കളയുന്ന വഖഫ് ഭേദഗതി നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ചർച്ചാ സംഗമം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമം വിശ്വാസിസമൂഹത്തിന്റെ താത്പര്യങ്ങളെ ഹനിക്കുന്നതും ഭരണഘടന നൽകുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്നതുമാണ്. വഖഫ് സ്വത്തുക്കൾ മുസ്‌ലിം സമുദായത്തിന്റെ മതപരവും സാമൂഹികവുമായ അവകാശങ്ങളുടെ ഭാഗമാണ്. വഖഫ് ഭേദഗതി നിയമം ഈ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സംഗമം വിലയിരുത്തി.

കേരളത്തിലെ നിലവിലെ വഖഫ് ബോർഡിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ അസാധുവാക്കാൻ നടത്തുന്ന നീക്കങ്ങൾ അന്യായമാണെന്നും ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടത്തുന്നത് അസ്ഥിരതയും അരക്ഷിതത്വവും വിളിച്ചുവരുത്തും. അവ തെറ്റായ കീഴ്‌വഴക്കങ്ങളും അനാവശ്യ വിവാദങ്ങളും സൃഷ്ടിക്കും. മാത്രമല്ല വഖഫ് ഭരണനിർവഹണത്തെ തന്നെ പ്രതിസന്ധിയിലാക്കും. അതിനാൽ ഇത്തരം ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. മുനമ്പത്തെ വഖഫ് ഭൂമി സംരക്ഷിക്കപ്പെടുകയും അവിടെയുള്ള ജനങ്ങൾക്ക് പുനരധിവാസം ഉറപ്പുവരുത്തുകയും വേണ്ടതുണ്ട്. മുനമ്പം വഖഫ് ഭൂമി അന്യാധീനപ്പെടാനും തർക്കങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാനും കാരണക്കാരായവരെ നിയമനടപടികൾക്ക് വിധേയമാക്കേണ്ടതും ആവശ്യമാണ്. സർക്കാർ പ്രസ്തുത വിഷയത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഷീദ് സഖാഫി മെരുവമ്പായി അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ആമുഖഭാഷണം നടത്തി. മുസ്തഫ പി എറയ്ക്കല്‍, കെ അബ്ദുല്‍ കലാം, ഷക്കീര്‍ അരിമ്പ്ര, അലവി സഖാഫി കായലം, പി വി അഹ്മദ് കബീര്‍ സംസാരിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0