അറബി ഭാഷ; ചരിത്രവും സവിശേഷതയും 

Dec 18, 2025 - 14:33
അറബി ഭാഷ; ചരിത്രവും സവിശേഷതയും 

അറബി ഒരു ഭാഷ എന്നതിനപ്പുറം അനുഗ്രഹീതമായ ഒരു സംസ്കാരം കൂടിയാണ്. 1973 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ അറബിക് ഭാഷക്ക് ഔദ്യോഗിക പദവി നൽകി. 2012 മുതൽ എല്ലാ വർഷവും ഡിസംബർ 18ന് ലോക അറബി ഭാഷ ദിനമായി ആഘോഷിച്ചു വരുന്നു. അറേബ്യൻ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമിറ്റിക് ഭാഷാകുടുംബത്തിൽ പെടുന്നതുമായ ഒരു ഭാഷയാണിത്. സെമറ്റിക് കുടുംബം ഒട്ടനവധി ഭാഷകൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സജീവമായി നിലനിൽക്കുന്ന ഭാഷ അറബി മാത്രമാണ്. ലോക ജനസംഖ്യയനുസരിച്ച് നാലാമത്തെ വിനിമയ ഭാഷയും 25 കോടി  ജനങ്ങളുടെ മാതൃഭാഷയുമാണ്. ലോകത്തെ പ്രധാന ഭാഷകളിലും അറബി സ്വാധീനം ചെലുത്തിയിട്ടുണ്ട്. 
         
കാലങ്ങൾക്ക് മുമ്പുതന്നെ അറബി ഭാഷയുടെ സാഹിത്യ മധുരം ജനങ്ങളിൽ ഹരം പിടിപ്പിച്ചിരുന്നു. ഉക്കാള ചന്തകളിൽ കവിതകൾ കൊണ്ടും സാഹിത്യ മനോഹാരിതകൊണ്ടും അറബി ഭാഷ ജ്വലിച്ചു നിന്നു. അറബി ഭാഷയുടെ ആലങ്കാരികതയാണ്  കാലിഗ്രഫി. മറ്റു ഭാഷകളിൽ നിന്ന് വ്യത്യസ്തമായി കാലിഗ്രഫി മനോഹരമാക്കാൻ കഴിയുന്നതും എളുപ്പമാകുന്നതും അറബി ഭാഷയിലാണ്. വിഗ്രഹ നിർമാണത്തിന് വിലക്ക് കല്പിച്ചപ്പോൾ കലാകാരന്മാർ എഴുത്ത് മഷി കൊണ്ട് തീർത്ത വിസ്മയമാണിത്. എന്നാൽ അറബി ഭാഷ ലിപിയുടെ ഒരു പുതിയ ചുവടുമാറ്റമാണ് ഇതുവഴി രൂപപ്പെട്ടത്.

ഖുർആൻ അവതരിച്ചത് അറബി ഭാഷയിലായതുകൊണ്ട് തന്നെ അറബി സംസ്കാരം കൂടുതൽ അനുഗ്രഹീതമായിത്തീർന്നു. അറബി ഭാഷ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിപ്പെട്ടിട്ടുണ്ട്. കേരളത്തിലും അറബി ഭാഷക്ക് വലിയ സ്വാധീനമുണ്ട്. കാലങ്ങൾക്ക് മുമ്പു തന്നെ പ്രാചീന കേരളവുമായി ബന്ധം സ്ഥാപിച്ചവരാണ് അറബികൾ. ഇവിടുത്തെ കുരുമുളകും സന്തളുമൊക്കെ അവർക്ക് സുപരിചിതമാണ്. ഈ ഒരു ബന്ധം കേരളീയ സമൂഹത്തിൽ അറബി ഭാഷ കൈകാര്യം ചെയ്യുന്നതിൽ ഹേതുവായിത്തീർന്നു. മത പ്രചരണാർത്ഥം കേരളത്തിൽ വന്ന അറബികൾ പള്ളികളും മതസ്ഥാപനങ്ങളും സമകാലിക-ഭൗതിക വിഷയങ്ങൾ പഠിപ്പിക്കുന്ന പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. ലിപിയില്ലാതിരുന്ന മലയാളത്തിന് ആദ്യമായി  അറബി-മലയാള ലിപി സമ്മാനിച്ചത് ഈ പഠന കേന്ദ്രങ്ങളാണ്. അറബി ഭാഷയിൽ കഴിവ് തെളിയിച്ചവരാണ് കേരളീയർ.
  
പഠനം, തൊഴിൽ, സംസ്കാരം, പൈതൃകം, വിവർത്തനം, സാഹിത്യം തുടങ്ങിയ രംഗങ്ങളിൽ കൂടുതൽ തിളങ്ങി നിൽക്കുന്ന അറബി ഭാഷയിലൂടെ പുതു തലമുറ പുതിയ ചരിത്രം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. അറബി ഭാഷയുടെ തനിമയാർന്ന സംസ്കാരം ലോകത്തിന്റെ പല കോണുകളിലിൽ ഇന്നും നിലനിൽക്കുന്നു. നാലായിരത്തില്‍പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും തനിമയോടെ നിലനില്‍ക്കുന്നു എന്നതു തന്നെ അറബി ഭാഷയുടെ ഏറ്റവും വലിയ സവിശേഷതയാണ്. നൂറ്റമ്പതില്‍ പരം തലമുറകൾ കൈകാര്യം ചെയ്തതിനു ശേഷവും ഘടനാ ഭംഗിയും ആകര്‍ഷകത്വവും കാത്തുസൂക്ഷിക്കാന്‍ അറബി ഭാഷക്ക്  കഴിയുന്നു. അറബി ഭാഷയുടെ ഈയൊരു മഹിമ  ബോധ്യപ്പെടാന്‍ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള പ്രധാന ഭാഷകളുടെ പഴയകാല രൂപവും ആധുനിക രൂപവും താരതമ്യപ്പെടുത്തിയാല്‍ മതിയാകും.

✍️ മുഹമ്മദ് റസീൻ ഹിമമി കാട്ടിപ്പാറ 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0