ഹംസ സഖാഫി ഓലയമ്പാടി; അക്ഷരം മായാത്ത ഓർമ്മകൾ

Nov 9, 2025 - 13:22
Nov 9, 2025 - 13:24
ഹംസ സഖാഫി ഓലയമ്പാടി; അക്ഷരം മായാത്ത ഓർമ്മകൾ

ഹംസ സഖാഫി ഓലയമ്പാടി വിട പറഞ്ഞു. 1994 ൽ കുമ്പോൽ പാപ്പംകോയ നഗർ പള്ളി ദർസിൽ അലി ഹസർ ഫൈസി ഉസ്താദിൻ്റെ വിദ്യാർത്ഥിയായിരിക്കെ അവിടെ മദ്റസയിൽ സേവനം ചെയ്യുന്ന മൂന്ന് ഉസ്താദുമാരെ പരിചയപ്പെട്ടു. മർഹും ആദം സഖാഫി ഉസ്താദ് പള്ളപ്പാടി, മുഹമ്മദ് മുസ്‌ലിയാർ തുപ്പക്കൽ, ഹംസ ഉസ്താദ് ഓലയമ്പാടി. മദ്റസ മീലാദ് പ്രോഗ്രാം നടക്കുമ്പോൾ ഉസ്താദ് ആവേശ പൂർവ്വം പ്രവർത്തിക്കുന്നത് കാണമായിരുന്നു. കാരണമറിഞ്ഞില്ല, ദർസിൽ പഠിക്കുന്ന എന്നെയും ചില കാര്യങ്ങൾ ഏൽപ്പിച്ചു. ഞാനത് നിർവ്വഹിക്കുകയും ചെയ്തു. അന്ന് തുടങ്ങിയ ബന്ധം ഉസ്താദ് അപകടത്തിൽ പെടുന്നത് വരെ തുടർന്നു പോന്നു. 

ഇടക്ക് വെച്ച് ഹംസ ഉസ്താദ് ജാമിഅ മർക്കസിലേക്കും ഞാൻ ജാമിഅ സഅദിയ്യയിലേക്കും പോയി. പഠനത്തിന് ശേഷം പയ്യന്നൂരിനടുത്ത് ഒരു പള്ളിയിൽ സേവനത്തിൽ  കയറി. ഒരു ദിവസം പയ്യന്നൂരിൽ ഹംസ ഉസ്താദിനെ കണ്ടപ്പോൾ ഉസ്താദ് പറഞ്ഞു, 'ഞാൻ ഇപ്പോൾ മുഹിമ്മാത്തിലാണ്, നിങ്ങളും വന്നാലോ...'. അബ്ദുൽ ലതീഫ് സഅദി ഉസ്താദ് ഉറുമി ഗൾഫിലേക്ക് പോയപ്പോഴുണ്ടായ ഒഴിവിലേക്ക് മദ്റസയിൽ തങ്ങളുസ്താദിൻ്റെ നിർദേശ പ്രകാരം എന്നെ നിയമിച്ചു. 

സ്വദ്ർ ഉസ്താദ് ആദം സഖാഫിയുടെ നേതൃത്വത്തിൻ ഹംസ സഖാഫി ഉസ്താദിൻ്റെ പരിശീലനത്തിലാണ് മദ്റസ അധ്യാപനത്തിൻ്റെ ബാല പാഠങ്ങൾ പഠിച്ചത്. മുഹിമ്മാത്തിൻ്റെ വ്യത്യസ്ത സ്ഥപനങ്ങളിൽ നിരവധി സേവന പ്രവർത്തനങ്ങൾക്ക് ഹംസ ഉസ്താദ് നേതൃത്വം നൽകിയിരുന്നു. അറബി ടൈപ്പ് റൈറ്റിംഗ് പരിശീലിക്കാനുള്ള സംവിധാനം അന്ന് പൊതുവെ കുറവായിരുന്നു. മുഹിമ്മാത്ത് ടൈപ്പ് റൈറ്റിംഗ് സ്ഥാപനത്തിൽ ഹംസ ഉസ്താദിന്റെ കീഴിൽ നിരവധി പേർ പഠന പൂർത്തിയാക്കി ഗൾഫിലും മറ്റും സേവനം ചെയ്യുന്നുണ്ട്.

ചിരിച്ച് മാത്രം സംസാരിക്കുന്ന ഹംസ ഉസ്താദിനോട് പരിചയം പുലർത്തിയവർ ആരും ബന്ധം വേർപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ല. മദ്റസ വിദ്യാർത്ഥികളോടും സ്നേഹവും കാരുണ്യവും നിറച്ച് മാത്രമെ സംസാരിക്കൂ. കുട്ടികൾക്കിടയിൽ പഠനത്തിൽ മാൽസര്യം സൃഷ്ടിച്ച് പഠിപ്പിക്കാനുള്ള ഉസ്താദിൻ്റെ കഴിവ് അപാരമായിരുന്നു.

ഉസ്താദിൻ്റെ ശിഷണത്തിൽ വളർന്ന നിരവധി വിദ്യാർത്ഥികൾ ഇന്ന് വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്തു വരുന്നു. ഒരു സംഭവം പറഞ്ഞത് ഓർക്കുന്നു. മുഹിമ്മാത്തിൽ വരുന്നതിന് മുമ്പ് ഒരു മഹല്ലിൽ ഹംസ ഉസ്താദ് മദ്റസയിൽ ഉസ്താദായി സേവനം ഏറ്റെടുത്തു. പൊതു പരീക്ഷ ക്ലാസായ അഞ്ചാം ക്ലാസ് രണ്ട് ഡിവിഷനുണ്ട്. രണ്ടിൽ നിന്നും ഏറ്റവും പഠിക്കാൻ പ്രയാസമുള്ള കുട്ടികളെ മാത്രം ചേർത്ത് ഉസ്താദിന് ക്ലാസ് ചുമതല നൽകി. പക്ഷെ ഉസ്താദ് അക്ഷരം മുതൽ തുടങ്ങി പുഷ്പം പോലെ വാർത്തെടുത്ത് നൂറ് ശതമാനം വിജയം നൽകിയാണ് അവരെ സന്തോഷിപ്പിച്ചത്.

വിദ്യാർത്ഥി സമാജം പുതുമയോടെ അവതരിപ്പിക്കാനും റെയ്ഞ്ച് യോഗങ്ങളിൽ കൃത്യത പാലിക്കാനും നിരവധി പ്രവർത്തനങ്ങൾ  നടത്തിയിരുന്നു. നിരവധി തവണ റെയ്ഞ്ച് സെക്രട്ടറിയായി സേവനം ചെയ്ത ഹംസ സഖാഫി മോഡൽ ക്ലാസ് എടുക്കുന്നതിലും ഹരം കണ്ടിരുന്നു. സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെയും  സുന്നി ജംഇയ്യത്തുൽ മുഅല്ലിമിൻ്റെയും  ഏത് പദ്ധതി വന്നാലും അത് വിജയിപ്പിച്ചെടുക്കാൻ നന്നായി പ്രവർത്തിക്കുമായിരുന്നു.

കുടുംബത്തോടും മക്കളോടും സ്നേഹപൂർണമായ ജീവിതം കെട്ടിപ്പടുക്കാനും ആത്മീയമായി വളർത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. മകനെ ഹാഫിളിക്കണമെന്ന അതിയായ ആഗ്രഹം മരിക്കുന്നതിന് മുമ്പ് സാക്ഷാൽകരിക്കാൻ കഴിഞ്ഞു. 

കല്ലക്കട്ട സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങൾ, ബായാർ അബ്ദുല്ല മുസ്‌ലിയാർ, അലി ഹസൻ ഫൈസി കോഴിക്കോട് തുടങ്ങിയവർ പ്രധാന ഉസ്താദുമാരണ്. കുമ്പോൽ സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

അല്ലാഹു ഉസ്താദിനോടൊപ്പം സ്വർഗ ലോകത്ത് ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

✍️ അബ്ദുൽ ഖാദിർ സഅദി മുഹിമ്മാത്ത്

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 2
Funny Funny 0
Angry Angry 1
Sad Sad 3
Wow Wow 0