കുമ്പള ടോള്‍ ഗേറ്റ് നിര്‍മ്മാണം തടയാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം; നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് എകെഎം അഷ്റഫ് എംഎല്‍എ
കുമ്പള: ദേശീയപാത വികസന ഭാഗമായി കുമ്പളയിൽ ടോൾ ഗേറ്റ് സ്ഥാപിക്കുവാനുള്ള നീക്കം തടയാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ച് മഞ്ചേശ്വരം എം എൽ എ എകെഎം അഷ്റഫ്. ദേശീയ പാത 66 ൽ നിലവിൽ തലപ്പാടിയിൽ ടോൾ പിരിവ് ഉണ്ടായിരിക്കെ ഇവിടെ നിന്നും 20 കി.മീറ്റർ മാത്രം വ്യത്യാസത്തിൽ രണ്ടാമത് ഒരു ടോൾ പിരിവ് നടത്തുന്നത് നിയമ വിരുദ്ധമാണ്. 60 കി.മീറ്ററിനുള്ളിൽ ടോൾ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചതാണ്. ഇതിന് ഘടക വിരുദ്ധമായാണ് ദേശീയ പാത അതോറിറ്റി ഇവിടെ ടോൾ ഗേറ്റ് നിർമ്മിക്കുന്നത്. ദേശീയ പാത 66 ന്റെ തലപ്പാടി ചെങ്കള ആദ്യ റീച്ച് പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്നും സെക്കൻ്റ് റീച്ച് പ്രവൃത്തി പൂർത്തിയാകാത്തതിനാൽ താൽക്കാലികമായിട്ടാണ് കുമ്പളയിൽ ടോൾ പിരിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. കരാർ കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിൻ്റെ പാപഭാരം ജനങ്ങളിൽ അടിച്ചേൽപിക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല. കാസർക്കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങൾ പ്രധാനമായും വ്യാപാരം, തൊഴിൽ, വിദ്യാഭ്യാസം, ആതുര സേവനം എന്നിവയ്ക്കായി ഏറെയും മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത് അത് കൊണ്ട് ഇവിടെ നിന്നും മംഗലാപുരത്ത് എത്താൻ രണ്ടിടത്ത് ടോൾ നൽകേണ്ടിവരുമെന്നും ഇത് അന്യായമാണെന്നും പൊതു ജനങ്ങൾക്ക് ഇത് ദുരിതവും സാമ്പത്തിക ബാധ്യതയുമുണ്ടാക്കുമെന്നും അദ്ദേഹം സബ്‌മിഷനിൽ വ്യക്തമാക്കി.
മഞ്ചേശ്വരം എം എൽ എ ഉന്നയിച്ച സബ്‌മിഷനു പിന്നാലെ ഇക്കാര്യം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു. 'ദേശീയ പാത ചട്ടപ്രകാരം ഒരേ ഭാഗത്തേക്കും, ഒരേ ദിശയിലുമായി രണ്ട് ടോൾ പ്ലാസകൾ, സാധാരണയായി 60 കിലോമീറ്റർ ദൂരത്തിനുള്ളിൽ സ്ഥാപിക്കാൻ പാടില്ല എന്നുണ്ടെങ്കിലും വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ, സവിശേഷ സാഹചര്യങ്ങളിൽ 60 കിലോമീറ്റർ ദൂരത്തിനുള്ളിൽ ടോൾ പ്ലാസ സ്ഥാപിക്കാൻ നിർവഹണ ഏജൻസിക്ക് അധികാരമുണ്ടെന്നാണ് ദേശീയപാത അതോറിറ്റി മറുപടി നൽകിയത്. ക്രമീകരണം താൽക്കാലിക സ്വഭാവമുള്ളതാണെന്നും, താൽകാലിക ടോൾ പ്ലാസ മുഖേന പൂർത്തിയായ 39 കിലോമീറ്റർ ദൂരത്തിനു മാത്രമാണ് യൂസർ ഫീ പിരിക്കുന്നതെന്നും ചെങ്കള-നീലേശ്വരം സ്ട്രെച്ച് പൂർത്തിയായി കഴിഞ്ഞാൽ താൽക്കാലിക ടോൾ പ്ലാസ പിൻവലിക്കുകയും നിയമപ്രകാരം സ്ഥലം കണ്ടെത്തി സ്ഥിരം പ്ലാസ സ്ഥാപിക്കുന്നതാണെന്നും താൽകാലിക ടോൾ പ്ലാസ സ്ഥാപിക്കുന്നതിന് ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ വിധി കൂടി ഉണ്ട് എന്നതിനാൽ പ്രായോഗികമായി ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കാം. എന്താണ് ചെയ്യാനാവുക എന്നുള്ളത് ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്‌ത് തീരുമാനിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ഇടപെടും'- മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



