വോട്ടര്‍പട്ടിക പേരു ചേര്‍ക്കല്‍ ഓഗസ്റ്റ് 12 വരെ നീട്ടി; അറിയേണ്ടതെന്തെല്ലാം?
ഇന്ന് അവസാനിക്കാനിരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചിരിക്കുകയാണ്.
2025 ജൂലൈ 23നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടിക വിവരങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും ലഭിക്കും.
2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും, അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
18 വയസ്സായിട്ടും വോട്ടര്‍ ഐഡി എടുക്കാത്ത ആളുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് എളുപ്പത്തില്‍ വോട്ടര്‍ ഐഡി എടുക്കാന്‍ അവസരമുണ്ട്. വോട്ടവകാശമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടര്‍ ഐഡി. വോട്ടര്‍ ഐഡിക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷിക്കാം.
ആദ്യം വോട്ടര്‍ ഐഡിക്ക് ആവശ്യമായ രേഖകള്‍
തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ്, ജനന തീയതി തെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവയാണ് വേണ്ടത്.
വോട്ടര്‍ ഐഡിക്ക് ഓണ്‍ലൈന്‍ അപേക്ഷ രൂപം:
നാഷണല്‍ വോട്ടേഴ്സ് സെര്‍വിസസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. voters.eci.gov.in എന്നതാണ് സൈറ്റ്. ഹോം പേജിന്റെ മുകളില്‍ വലതുവശത്തുള്ള 'Sign-Up' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, കോഡ് എന്നിവ നല്‍കി 'Continue' ക്ലിക്ക് ചെയ്യുക. 'First Name', 'Last Name', 'Password', 'Confirm Password' എന്നിവ നല്‍കി 'Request OTP' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ശേഷം മൊബൈല്‍ നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും അയച്ച OTP നല്‍കി 'Verity' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'Login' ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍, പാസ്വേഡ് എന്നിവ നല്‍കി വോട്ടേഴ്‌സ് സര്‍വീസസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. അതിനു ശേഷം 'Request OTP ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ സമയത്ത് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന OTP നല്‍കി 'Verify & Login' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
'New registration for general electors' എന്നതിന് താഴെയുള്ള 'Fill Form 6' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേര്, ബന്ധുക്കളുടെ വിവരങ്ങള്‍, കോണ്‍ടാക്റ്റ് വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍, ജനന തീയ്യതി, വിലാസം, ഡിക്ലറേഷന്‍ എന്നിവ ഉള്‍പ്പെടെ Form 6-ല്‍ എല്ലാ വിശദാംശങ്ങളും നല്‍കുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് 'Preview and Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ച് 'Submit' ക്ലിക്ക് ചെയ്യുക. ഇതാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള മാര്‍ഗം.
സെമി-ഓണ്‍ലൈന്‍ അപേക്ഷ രൂപം:
voters.eci.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് 'New registration for general electors' എന്നതിന് കീഴിലുള്ള 'Download' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. Form 6 ഡൗണ്‍ലോഡ് ചെയ്യുക. ഇതിന്റെ പ്രിന്റ് എടുക്കുക. Form 6-ല്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഒപ്പം ഫോട്ടോയും നേരത്തെ പറഞ്ഞ രേഖകളും അടുത്തുള്ള ഇലക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുക. ഇങ്ങനെയാണ് സെമി-ഓണ്‍ലൈനായി വോട്ടര്‍ ഐഡിക്ക് അപേക്ഷിക്കേണ്ടത്.
നേരിട്ടുള്ള അപേക്ഷ രൂപം:
അടുത്തുള്ള സ്റ്റേറ്റ് ഇലക്ഷന്‍ ഓഫീസില്‍ പോയി ഫോം 6 ആവശ്യപ്പെടുക. മുന്‍പ് പറഞ്ഞതുപോലെ ഫോം 6-ല്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഫോട്ടോയും മറ്റ് രേഖകളും ഇലക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കുക. തെറ്റുകള്‍ സംഭവിക്കാതെ ഡബിള്‍ ചെക്ക് ചെയ്ത് മാത്രം സമര്‍പ്പിക്കുക.
വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാനുള്ള യോഗ്യത:
അപേക്ഷിക്കുന്ന ആള്‍ ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. ഈ വ്യക്തിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഒപ്പം സ്ഥിരമായ മേല്‍വിലാസം ഉണ്ടായിരിക്കണം.
വോട്ടര്‍ ഐഡിക്ക് വേണ്ടി അപേക്ഷിച്ച ശേഷം സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍, പാസ്വേഡ്, ഒടിപി എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. ശേഷം Track Application Status' ടാബില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷ നല്‍കിയ സമയത്ത് നിങ്ങള്‍ക്ക് ലഭിച്ച acknowledgment സ്ലിപ്പില്‍ റെഫറന്‍സ് ഐഡി ഉണ്ടാകും. ഈ റെഫറന്‍സ് നമ്പര്‍ നല്‍കി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് 'Submit ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതി സ്‌ക്രീനില്‍ കാണാന്‍ കഴിയും.
ഓഫ് ലൈനായി അറിയണമെങ്കില്‍ പേര്, ജനന തീയതി, വിലാസം എന്നിവ നല്‍കിയാല്‍ സ്റ്റേറ്റ് ഇലക്ഷന്‍ ഓഫീസില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഇതിനായി പഞ്ചായത്ത് ഓഫീസിലോ ബൂത്ത് ലെവല്‍ ഓഫീസമാരുടെ അടുത്തോ ചെല്ലാവുന്നതാണ്.
വോട്ടര്‍ ഐഡി ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്ന രൂപം:
Voter Services Portal ലോഗിന്‍ ചെയ്ത് E-EPIC Download ടാബില്‍ ക്ലിക്ക് ചെയ്യുക. 'EPIC No(വോട്ടര്‍ ഐഡി നമ്പര്‍)' അല്ലെങ്കില്‍ 'Form Reference no.' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നമ്പര്‍ നല്‍കിയ ശേഷം സംസ്ഥാനം തെരഞ്ഞെടുത്ത് 'Search' ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വോട്ടര്‍ ഐഡി വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ 'Send OTP' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍, 'Send OTP' ബട്ടണ്‍ കാണാന്‍ കഴിയില്ല. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ 'Form 8' പൂരിപ്പിച്ച് OTP നല്‍കി 'Verify ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'Download e-EPIC' ബട്ടണ്‍ ക്ലിക്ക് ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും.
ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം ഏകദേശം 30 ദിവസത്തിനുള്ളില്‍ വോട്ടര്‍ ഐഡി ലഭിക്കും. എന്തെങ്കിലും കാരണവശാല്‍ കിട്ടാന്‍ വൈകുകയാണെങ്കില്‍, സ്റ്റേറ്റ് ഇലക്ഷന്‍ ഓഫീസില്‍ നേരിട്ട് പോയി അന്വേഷിക്കാവുന്നതാണ്. വോട്ടര്‍ ഐഡി കാര്‍ഡില്‍ ഒരുപാട് വിവരങ്ങള്‍ ഉണ്ടാകും. ഒരു പ്രത്യേക സീരിയല്‍ നമ്പര്‍, കാര്‍ഡ് ഉടമയുടെ ഫോട്ടോ, കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാനത്തിന്റെയോ ദേശീയ ചിഹ്നത്തിന്റെയോ ഹോളോഗ്രാം, കാര്‍ഡ് ഉടമയുടെ പൂര്‍ണ്ണമായ പേര്, പിതാവിന്റെ പേര്, ജന്‍ഡര്‍, ജനന തീയതി, സ്ഥിരമായ മേല്‍വിലാസം, ഇഷ്യു ചെയ്യുന്ന അതോറിറ്റിയുടെ ഒപ്പ് എന്നിവയാണ് വോട്ടര്‍ ഐഡിയിലെ പ്രധാന വിവരങ്ങള്‍. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന കാര്‍ഡില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യവശ്യമാണ്.
ഇന്ത്യയില്‍ സ്ഥിരമല്ലാത്ത താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അവര്‍ക്ക് ഓണ്‍ലൈനിലോ ഓഫ്ലൈനായോ അപേക്ഷിക്കാം. മറ്റൊരു രാജ്യത്ത് പൗരത്വം ഇല്ലാത്ത എന്‍ആര്‍ഐകള്‍ക്ക് വോട്ട് ചെയ്യാന്‍ രാജ്യത്ത് വന്ന് അവരുടെ മണ്ഡലത്തില്‍ നേരിട്ട് ഹാജരായി വോട്ടര്‍ ഐഡി എടുക്കാന്‍ സാധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



