പതിനഞ്ച് ഇനങ്ങളുടെ ഓണക്കിറ്റുമായി സപ്ലൈകോ; ഓഗസ്റ്റ് 18 മുതല്‍ വിതരണം

Aug 2, 2025 - 12:16
പതിനഞ്ച് ഇനങ്ങളുടെ ഓണക്കിറ്റുമായി സപ്ലൈകോ; ഓഗസ്റ്റ് 18 മുതല്‍ വിതരണം

തിരുവനന്തപുരം: വിപുലമായ പരിപാടികളോടെ ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി സപ്ലൈകോ. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും പതിനഞ്ച് ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് കിറ്റ് വിതരണം ചെയ്യുക.
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നല്‍കും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് 2500 രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവന്‍ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0