ഹിജ്‌റ എക്‌സ്പെഡിഷന്‍: അനുരാഗിയുടെ തീര്‍ത്ഥാടന വഴികള്‍
കഴിഞ്ഞ ദിവസം കാസര്‍ഗോഡിന്റെ ഹൃദയ ഭാഗത്ത് നടന്ന
'ഹിജ്‌റ എക്‌സ്‌പെഡിഷന്‍' അക്ഷരാര്‍ത്ഥത്തില്‍ അനുരാഗികളുടെ മനം കുളിര്‍പ്പിച്ച വേറിട്ടൊരു പരിപാടിയായിരുന്നു. മഗ്രിബ് നിസ്‌കാരാനന്തരം ആരംഭിച്ച പരിപാടി തുടര്‍ച്ചയായ മൂന്ന് മണിക്കൂറുകളോളം നീണ്ടു നിന്നു. ഹിജ്‌റയെന്ന ശീര്‍ഷകത്തില്‍ നബിയും സ്വഹാബത്തും മക്ക വിട്ട് മദീനയിലേക്ക് പാലായനം നടത്തിയ വഴികളിലൂടെയൊരു യാത്ര. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് കാണാനാവും വിധം വലിയ സ്‌ക്രീനുകളിലായിരുന്നു ഹിജ്‌റയുടെ ദൃശ്യാവിഷ്‌ക്കാരം. പ്രവാചകരുടെ ജീവിതത്തില്‍ വലിയൊരു അധ്യായമായിരുന്നു ഹിജ്‌റ. ശത്രുക്കളുടെ തുടര്‍ച്ചയായ ഉപദ്രവം കൊണ്ട് സഹികെട്ട് അവിടുന്ന് മദീനയെ അഭയമായി കണ്ടു. അന്ന് മുത്ത് നബി മദീനയിലേക്ക് സഞ്ചരിച്ച അതേ പാതയിലൂടെ ഒന്നര സഹസ്രാബ്ധങ്ങള്‍ക്കിപ്പുറം അവിടുത്തെ മഹബ്ബത്ത് ലക്ഷ്യം വെച്ച് വിശ്വാസി ഹൃദയങ്ങളെ മുത്ത് നബിയിലേക്കും ഹിജ്‌റയുടെ പാതയിലേക്കും തിരിച്ച് വിടാന്‍ വേണ്ടി ഡോ: ഫാറൂഖ് നഈമി ഉസ്താദ് നിര്‍മിച്ചെടുത്ത ഒരു ട്രാവലോഗ് ആണ് ഹിജ്‌റ എക്‌സ്‌പെഡിഷന്‍.
'അന്നത്തെ പ്രാന്തമായ ഇടവഴികളിലൂടെ എങ്ങനെയായിരിക്കും മുത്ത് നബിയും അനുയായികളും പോയത്' ഇടക്കിടെയുള്ള ആ ചോദ്യം തിന്മയില്‍ നിന്നും നന്മയിലേക്കുള്ള പാതക്ക് സമാനമാണ്. പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിലൂടെ ഈമാനിന്റെ കരുത്താണ് അന്നവരെ വഴിനടത്തിയത്.
ഉസ്താദ് ഹിജ്‌റയുടെ 43 ലാന്‍ഡ്മാര്‍ക്കുകള്‍ അടയാളപ്പെടുത്തി അത് ദൃശ്യാവിഷ്‌ക്കരിക്കുകയാണ്. ചരിത്രത്തിന്റെ ഇന്നലകളെ അയവിറക്കുകയാണ്. മുത്ത് നബി അവിടുത്തെ പവിത്രമായ നെറ്റിത്തടം കൊണ്ട് സൂജൂദിലായി വീണ സ്ഥലങ്ങളില്‍ നിസ്‌കാരം നിര്‍വഹിക്കുകയാണ്. തണല്‍ മരങ്ങളായി മാറിയ പാറകള്‍ക്കടിയില്‍ വിശ്രമിക്കുകയാണ്. എല്ലാം ചരിത്ര ഗവേഷകന്മാരേയും അവരുടെ ഗ്രന്ഥങ്ങളേയും ആസ്പദമാക്കി സഞ്ചരിക്കുകയാണ്.
എന്തൊരത്ഭുതമാണ് ഈ മഹാ സഞ്ചാരം.
തുടര്‍ച്ചയായ 15 ഇരപകലുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതൊക്കെയാണ് ട്രാവലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'കൂടുതലും പകല്‍ പകര്‍ത്തിയ ചിത്രങ്ങളാണ്. രാത്രി എത്തിച്ചേര്‍ന്ന ദൃശ്യങ്ങളിലേക്ക് വീണ്ടും പകല്‍ സമയത്ത് പോയി ദൃശ്യം പകര്‍ത്തി.
ഇതെന്റെ ആഗ്രമാണ്, അഭിലാഷമാണ് മുത്ത് നബി സഞ്ചരിച്ച പാതകളിലൂടെ ഒന്ന് നടക്കണം. അവിടുത്തോട് സലാം പറഞ്ഞ് തണലിട്ട, വിശ്രമ ഗേഹമൊരുക്കിയ പ്രദേശങ്ങളിലൂടെ ചുവടുകളുറപ്പിക്കണം'. ഉസ്താദിന്റെ ലക്ഷ്യങ്ങള്‍ പലതായിരുന്നു.
അല്ലെങ്കിലും ഇഷ്ഖിനാല്‍ പുണര്‍ന്ന ഖല്‍ബ് ഇതല്ലാതെ ലക്ഷ്യമാക്കില്ലല്ലോ.
അനുരാഗികള്‍ എത്രമാത്രം മുത്ത് നബിയുടെ കാല്പദങ്ങള്‍ക്കായി കാതോര്‍ക്കുന്നുവെന്നും അവിടുത്തെ നിമിഷങ്ങള്‍ക്കായി കണ്ണ് നട്ടിരിക്കുന്നുവെന്നും പരിപാടിയുടെ ജനസഞ്ചയത്തിലൂടെ തന്നെ മനസ്സിലാക്കാം.
ജനഹൃദയങ്ങളില്‍ ഹിജ്‌റയുടെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കാന്‍ മുഹിമ്മാത്ത് മദ്ഹ് റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഹിജ്‌റ എക്‌സ്പീഡിഷന്‍ സാധിച്ചു. അവസാനം യാത്രവിവരണത്തിന്റെ 'ഹിജ്‌റയുടെ കാല്‍പ്പാടുകള്‍ തേടി' എന്ന നാമധേയത്തില്‍ പുസ്തക പ്രകാശനവും നടന്നു.
ഇനി തിരുവസന്തത്തെ വരവേല്കാനുള്ള ഒരുക്കമാണ്. അനുരാഗികള്‍ റബീഇനെ വരവേല്‍ക്കാനായി തയ്യാറെടുക്കുകയാണ്. മുത്ത് നബിയുടെ മദ്ഹുകള്‍ അയവിറക്കുന്ന സുന്ദര വസന്തം എത്തിച്ചേരാന്‍ ഇനി നാളുകള്‍ മാത്രമേ ബാക്കിയുള്ളു. അവിടുത്തെ അപദാനങ്ങള്‍ പാടിയും പറഞ്ഞും ലോകം തന്നെ ഇഷ്ഖില്‍ നിറഞ്ഞാടുന്ന വസന്ത രാവുകള്‍.
മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷനിലൂടെ പുണ്യ റബീഇനെ സ്വികരിക്കാനുള്ള കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മുത്തബിഉസ്സുന്ന എന്ന വിളിപ്പേര് പഠന കാലത്ത് തന്നെ സ്വായത്തമാക്കിയ വലിയൊരു പ്രവാചക പ്രേമിയായിരുന്നു മുഹിമ്മാത്ത് സ്ഥാപകര്‍ സൈനുല്‍ മുഹഖിഖിന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍. അവിടുന്ന് ജീവിത കാലത്ത് മുത്ത് നബിയുടെ മൗലിദിന്നായി രൂപികരിച്ച പദ്ധതിയാണ് മുഹിമ്മാത്ത് മദ്ഹ് റസൂല്‍ ഫൗണ്ടേഷന്‍. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ അസര്‍ നമസ്‌കാരനന്തരം മൗലിദും സ്വലാത്തും പ്രഭാഷണവുമായി നീളുന്ന പ്രകീര്‍ത്തന സദസ്സ് റബീഉല്‍ അവ്വല്‍ 12 ന് രാവിലെ മുത്ത് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ സമയത്ത് പ്രഭാത മൗലിദിലൂടെ സമാപിക്കും. മുത്ത് നബിയുടെ സ്‌നേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടികള്‍ മനസില്‍ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രവാചകനുരാഗത്തിലൂടെ ശമനം കാണുന്നവര്‍ക്ക് വലിയ അഭയമാണ്.
ഈ വര്‍ഷത്തെ റബീഇന്റെ ഒരു പ്രത്യേകത മുത്ത് നബിയുടെ 1500 മത് ജന്മദിനമാണെന്നതാണ്. ലോകത്തിനു പ്രകാശം പരത്തിയ തിരുപ്പിറവിക്ക് ഒന്നര സഹസ്രബ്ദം പിന്നിടുന്നു.1500 മത് ജന്മദിനവുമായി ബന്ധപ്പെട്ട് മുഹിമ്മാത്ത് വ്യത്യസ്ത പരിപാടികള്‍ കൊണ്ട് റബീഅ് ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
✍ അനസ് ഹിമമി ബാപ്പാലിപ്പൊനം
What's Your Reaction?
Like
3
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



