വയനാട് നാലുവരി തുരങ്ക പാത: കേന്ദ്ര വിദഗ്ധസമിതി അനുമതി നല്‍കി

May 29, 2025 - 11:29
May 29, 2025 - 11:34
വയനാട് നാലുവരി തുരങ്ക പാത: കേന്ദ്ര വിദഗ്ധസമിതി അനുമതി നല്‍കി

ന്യൂഡല്‍ഹി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട നാലുവരി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി വിദഗ്ധസമിതി അനുമതി നല്‍കി. 60 ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും. 
തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഖനനസമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഫോടനതിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സി എസ് ഐ ആര്‍, സി ഐ എം എഫ് ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ പദ്ധതി നിര്‍വാഹകര്‍ ശ്രദ്ധിക്കണം എന്നതാണ് വിദഗ്ധസമിതിയുടെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്. വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവ വൈവിധ്യ സമ്പന്നമായതിനാല്‍ സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം. 
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായ ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2,134 കോടി രൂപയാണ് പദ്ധതി ചെലവ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0