അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം; കാസർകോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി സമരം
ഉക്കിനടുക്ക: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് വിദ്യാർത്ഥികൾ സമരമാരംഭിച്ചു. ഉക്കിനടുക്കയിലെ കോളേജ് ഓഫീസിന് മുന്നിൽ പ്ലക്കാർഡുകളുമേന്തി കുത്തിയിരുന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.
പ്രാക്ടിക്കൽ ക്ലാസുകൾ ഉക്കിനടുക്കയിൽ തന്നെ ഏർപ്പെടുത്തുക, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പ്രായോഗിക പഠനത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ദിവസേന യാത്ര ചെയ്യുന്നത് വിദ്യാർത്ഥികൾക്ക് വലിയ ക്ഷീണമുണ്ടാക്കുന്നുവെന്നാണ് ആക്ഷേപം.
അതേസമയം, പ്രാക്ടിക്കൽ ക്ലാസുകൾക്ക് വിവിധ വിഭാഗങ്ങളിലുള്ള കൂടുതൽ രോഗികളും നൂതന ചികിത്സാ സംവിധാനങ്ങളും അനിവാര്യമാണെന്നും, ഉക്കിനടുക്കയിൽ അത്തരമൊരു സാഹചര്യം ഉടൻ ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാലാണ് ജനറൽ ആശുപത്രിയെ പ്രായോഗിക പഠന കേന്ദ്രമാക്കിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതിനായി വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
രണ്ടാം വർഷ പ്രവേശനത്തിന് ശേഷം സ്ഥലപരിമിതി ഒഴിവാക്കാനായി മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗം ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാൽ യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് പ്രിൻസിപ്പൽ ഈ തീരുമാനം റദ്ദാക്കിയിരുന്നു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0