കാസർകോട്-മംഗളൂരു റൂട്ടിൽ യാത്രാദുരിതം രൂക്ഷം; കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ഉടൻ ആരംഭിക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ

Oct 18, 2026 - 15:52
കാസർകോട്-മംഗളൂരു റൂട്ടിൽ യാത്രാദുരിതം രൂക്ഷം; കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ഉടൻ ആരംഭിക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ

തിരുവനന്തപുരം: കാസർകോട്-മംഗളൂരു അന്തർസംസ്ഥാന റൂട്ടിൽ യാത്രാദുരിതം അതീവ രൂക്ഷമായ സാഹചര്യത്തിൽ, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. രാവിലെയും വൈകുന്നേരങ്ങളിലും ബസുകളിൽ കയറാൻ പോലും കഴിയാതെ നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ദുരിതത്തിലാകുന്നത്.   

രാവിലെ കാസർകോട് ഡിപ്പോയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ബസുകൾ യാത്രക്കാരെക്കൊണ്ട് നിറയുകയാണ്. ഇതിനാൽ മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാൽ, കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങിയ പ്രധാന സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ബസിൽ കയറാൻ സാധിക്കുന്നില്ല. മംഗളൂരുവിലെ വിവിധ കോളേജുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, ജീവനക്കാർ, രോഗികൾ അടക്കമുള്ള സ്ഥിരം യാത്രക്കാരാണ് ഈ പ്രതിസന്ധി മൂലം ഏറെ ബുദ്ധിമുട്ടുന്നത്. മംഗളൂരു ടൗണിൽ നിന്ന് തന്നെ ബസ് നിറയുന്നതിനാൽ വഴിമധ്യേയുള്ള യാത്രക്കാർക്ക് കയറാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഈ യാത്രാപ്രതിസന്ധിക്ക് അടിയന്തര പരിഹാരമായി രാവിലെ മംഗളൂരുവിലേക്കും വൈകീട്ട് കാസർകോട്ടേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഉടൻ അനുവദിക്കണമെന്ന് എം.എൽ.എ ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചു. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. വിഷയം അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, മലബാർ മേഖലയിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൂടുതൽ ബസുകൾ സർവീസ് നടത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0