കായിക മന്ത്രി ഒ ജെ ജനീഷിനെതിരെ കരിങ്കൊടി; കാസർകോട്ട് എസ്ടി പ്രമോട്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

Oct 8, 2026 - 15:10
Oct 8, 2026 - 15:30
കായിക മന്ത്രി ഒ ജെ ജനീഷിനെതിരെ കരിങ്കൊടി; കാസർകോട്ട് എസ്ടി പ്രമോട്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കാസർകോട്: യുവജന-കായിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിക്കുകയും ഔദ്യോഗിക വാഹനം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാസർകോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലെ എസ്ടി പ്രമോട്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ എസ്ടി പ്രമോട്ടറായ രോഹിണി എച്ചിനെതിരെയാണ് കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിൽ വകുപ്പുതല നടപടിയുണ്ടായത്.

ഒക്‌ടോബർ 1 വ്യാഴാഴ്ച കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ സംഘം ചേർന്ന് കരിങ്കൊടി കാണിക്കുകയും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ രോഹിണിക്കെതിരെ ബേഡകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊളത്തൂർ സ്വദേശിയായ അഖിലേഷ് നൽകിയ പരാതിയിൽ കാസർകോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണത്തിൽ രോഹിണി കുറ്റം സമ്മതിച്ചതായി ഒക്ടോബർ 5 തിങ്കളാഴ്ച റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പിരിച്ചുവിടൽ നടപടിയുണ്ടായത്.

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്ന ജീവനക്കാർ സർക്കാരിനോ ജനപ്രതിനിധികൾക്കോ എതിരെ പരസ്യ പ്രതിഷേധങ്ങളിൽ ഏർപ്പെടുന്നത് കേരള സിവിൽ സർവീസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായാണെന്ന് അധികൃതർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0