'കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നില്ല'; പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് സൗജന്യ ടിക്കറ്റ് നിഷേധിച്ചതായി പരാതി
പറവൂർ: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ അധിക്ഷേപിക്കുകയും സൗജന്യ 'സീറോ ടിക്കറ്റ്' നിഷേധിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ പെൺകുട്ടി പറവൂർ പൊലീസിൽ പരാതി നൽകി.
സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നത് ഇങ്ങനെ: 'ഗുരുവായൂർ - എറണാകുളം റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി (പ്രിയദർശിനി) ബസിലാണ് സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞു അഞ്ച് സഹപാഠികൾക്കൊപ്പം പറവൂർ സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടി ബസിൽ കയറിയത്. മറ്റ് നാല് പേർക്ക് വിദ്യാർഥികൾക്കുള്ള സൗജന്യ ടിക്കറ്റ് (സീറോ ടിക്കറ്റ്) നൽകിയെങ്കിലും, ഈ പെൺകുട്ടിയോട് കണ്ടക്ടർ പണം ആവശ്യപ്പെടുകയായിരുന്നു. ക്ഷേത്രദർശനം നടത്തി മുടി വെട്ടിയിരുന്ന പെൺകുട്ടിയെ നോക്കി "കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ല, അതുകൊണ്ട് സീറോ ടിക്കറ്റ് തരാൻ കഴിയില്ല" എന്ന് കണ്ടക്ടർ പറയുകയും യാത്രക്കാരുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് തരത്തിലുള്ള ഗുരുതരമായ പരാമർശങ്ങൾ നടത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബസിലുണ്ടായിരുന്ന ചില യാത്രക്കാരും കണ്ടക്ടർക്കൊപ്പം ചേർന്ന് പെൺകുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചു. വിദ്യാർഥിനികൾ ബസിൽ നിന്ന് ഇറങ്ങിയ ശേഷവും അപകടകരമായ രീതിയിൽ ബസ് നിർത്തി കണ്ടക്ടറും ചില യാത്രക്കാരും അസഭ്യം പറയുന്നത് തുടർന്നതായും പരാതിയിലുണ്ട്. തനിക്ക് കടുത്ത മാനസിക വിഷമവും നാണക്കേടും ഉണ്ടാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പെൺകുട്ടി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0