ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ താത്പര്യങ്ങളെ തിരിച്ചറിയണം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: സമൂഹത്തിൽ ഭിന്നതയും വിഭാഗീയതയും ഉണ്ടാക്കാൻ ലക്ഷ്യമിടുന്ന ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെ പ്രവർത്തകർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ആശയപരമായ ചർച്ചകളെയും അറിവന്വേഷണങ്ങളെയും അട്ടിമറിച്ച് വിവാദങ്ങളാക്കി മാറ്റുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ തിരിച്ചറിയണം. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. എന്നാൽ ഇത്തരം ആത്മീയ ചർച്ചകളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വഴിപ്പെടരുത്. വൈകാരികമായി പ്രതികരിക്കാതെ തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വേണം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ. ഏതു തിന്മയെയും നന്മ കൊണ്ട് എതിരിട്ട പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേത്. അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0