സമസ്ത സെന്റിനറി; 'അസ്സുഫ നാട്ടുദർസ്' കളത്തൂർ യൂണിറ്റ് രജിസ്ട്രേഷൻ പൂർത്തിയായി
പുത്തിഗെ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ലക്ഷം പഠിതാക്കളെ ഉൾക്കൊള്ളിച്ച് നടത്തുന്ന 'അസ്സുഫ നാട്ടുദർസ്' കളത്തൂർ യൂണിറ്റ് രജിസ്ട്രേഷൻ ഉദ്‌ഘാടനം സുലൈമാൻ സഖാഫി ദേശാംകുളം നിർവ്വഹിച്ചു. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേരിട്ടുള്ള ശിക്ഷ്യത്വത്തിൽ വിപുലമായി സംഘടിപ്പിക്കപ്പെടുന്ന 'അസ്സുഫ നാട്ടുദർസ്' ഈ മാസം 19ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഇസ്‌ലാമിന്റെ സൗന്ദര്യമാർന്ന വൈജ്ഞാനിക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ബൃഹത് പദ്ധതിയിൽ കാന്തപുരം ഉസ്താദ് തന്നെ രചിച്ച പ്രമുഖ ഗ്രന്ഥമാണ് പഠനവിധേയമാക്കുന്നത്.
31 അധ്യായങ്ങളുള്ള കിതാബ് 30 ആഴ്ച കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ ഒരേസമയം ഒരേ ദർസിന്റെ ഭാഗമാകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന എണ്ണായിരത്തിലധികം പഠനകേന്ദ്രങ്ങളാണ് നാട്ടുദർസിനായി സജ്ജീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് നേതൃത്വം നൽകാൻ 7,500ലധികം ഉസ്താദുമാരെ നിയോഗിച്ചിട്ടുണ്ട്.
പഠന പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകൾ നയിക്കുന്ന ഉസ്താദുമാർക്കുള്ള പ്രത്യേക 'ഇജാസത്ത്' നൽകുന്ന സംഗമം ഈ മാസം 17ന് കാരന്തൂർ മർകസിലിൽ നടക്കും. കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സംഗമത്തിന് മുന്നോടിയായി പഠിതാക്കളുടെ രജിസ്ട്രേഷൻ നടപടികളും ഉസ്താദുമാർക്കുള്ള പ്രത്യേക ട്രെയിനിങ് പ്രോഗ്രാമുകളും പുരോഗമിക്കുകയാണ്.
കളത്തൂർ മദീന മഖ്‌ദൂമിൽ നടന്ന സംഗമത്തിൽ മൂസ സഖാഫി കളത്തൂർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ സഅദി പന്നിപ്പാറ, മൂസ മുസ്‌ലിയാർ കളത്തൂർ, കെ എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, പി വി ഇബ്രാഹിം കളത്തൂർ, മുഹമ്മദ് മദീന തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0