‘ജൂൺ 15 മുതൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കും, ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും ലഭിക്കും’; ഗതാഗത മന്ത്രി സി പി ജോൺ
തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാവുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ടെന്നും ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും ഒന്നാം തീയ്യതി തന്നെ ശമ്പളവും പെൻഷനും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകും. കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല. വാഹനമോഡിഫിക്കേഷനിൽ യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക. സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊമ്പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0