പുത്തിഗെ സെക്ടർ സാഹിത്യോത്സവിന് പ്രൗഢ സമാപ്‌തി; മദീന മഖ്ദൂം യൂണിറ്റ് ജേതാക്കൾ
പുത്തിഗെ: എസ് എസ് എഫ് പുത്തിഗെ സെക്ടർ 33-ാമത് സാഹിത്യോത്സവ് രിഫായി നഗർ യൂണിറ്റിൽ വെച്ച് ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ആവേശകരമായ മത്സരങ്ങളോടെയും സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ സെക്ടറിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ചു. കലാ–സാഹിത്യ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങി വ്യത്യസ്‌ത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ സാഹിത്യോത്സവ് വിദ്യാർത്ഥികളിലും പ്രവർത്തകരിലും വലിയ ഉണർവും ആത്മവിശ്വാസവും സൃഷ്ടിച്ചു.
സമാപന സംഗമം എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡന്റ് ഉമർ ഹിമമി അധ്യക്ഷത വഹിച്ചു. ശരീഫ് സഅദി പ്രാർത്ഥന നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഹീസ് മുഈനി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, സി. എൻ. ആരിഫ് മാസ്റ്റർ, കേശവൻ (പുത്തിഗെ പഞ്ചായത്ത് മെമ്പർ), നസീർ ഹിമമി സാഖഫി, രിഫായി ഹിഷാമി തുടങ്ങിയവർ സംബന്ധിച്ചു.
മത്സര ഫലങ്ങളിൽ 659 പോയിന്റ് നേടി മദീന മഖ്ദൂം യൂണിറ്റ് ജേതാക്കളായി. 618 പോയിന്റുമായി രിഫായി നഗർ യൂണിറ്റ് രണ്ടാം സ്ഥാനവും 410 പോയിന്റ് നേടി കട്ടത്തടുക്ക യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സാഹിത്യോത്സവിലെ മികച്ച പ്രതിഭയ്ക്കുള്ള പുരസ്കാരം രിഫായി നഗർ യൂണിറ്റിലെ ഷമ്മാസും മികച്ച ശബ്ദാവിഷ്‌കാരത്തിനുള്ള പുരസ്കാരം ഇസ്സും സ്വന്തമാക്കി. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർക്കും പ്രവർത്തകർക്കും അതിഥികൾ അഭിനന്ദനം രേഖപ്പെടുത്തി. സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ മുമിത്ത് അഹ്സനി സ്വാഗതവും ഷെരീഫ് ഹിഷാമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0