ആയിഷ മിൻഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി

Nov 20, 2026 - 11:20
ആയിഷ മിൻഹയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി

പുത്തിഗെ: 2023-ൽ അംഗടിമൊഗർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് മരിച്ച വിദ്യാർത്ഥിനി ആയിഷ മിൻഹയുടെ കുടുംബത്തിന് മൂന്നര വർഷത്തിന് ശേഷം സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. അംഗടിമൊഗർ പർളാടത്തുള്ള വീട്ടിലെത്തി അനുവദിച്ച തുകയുടെ ചെക്ക് മിൻഹയുടെ പിതാവിന് എം.എൽ.എ നേരിട്ട് കൈമാറി.

2023-ൽ അപകടം നടന്ന ഉടൻ തന്നെ കുടുംബത്തിന് അർഹമായ സമാശ്വാസ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകിയിരുന്നു. തുടർന്ന് നിയമസഭയിലും തിരുവനന്തപുരത്ത് നേരിട്ടെത്തിയും പലതവണ ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ, സാധാരണ മഴക്കാലക്കെടുതികളിൽ മരണപ്പെടുന്നവർക്ക് ദുരന്തനിവാരണ വകുപ്പിൽ നിന്നും നൽകുന്ന നാല് ലക്ഷം രൂപ അല്ലാതെ സർക്കാർ സ്കൂൾ കോമ്പൗണ്ടിൽ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പ്രത്യേക സഹായമൊന്നും നൽകിയിരുന്നില്ല. കുടുംബത്തിന്റെ ദയനീയ സാഹചര്യം ബോധ്യപ്പെടുത്തി നിയമസഭാ സമ്മേളനത്തിനിടെ എം.എൽ.എ വീണ്ടും കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. ഫണ്ട് അനുവദിച്ച മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും എം.എൽ.എ നന്ദി അറിയിച്ചു.

ചടങ്ങിൽ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് ഫിദ, വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞി, വാർഡ് മെമ്പർമാരായ അനിത, ബാലകൃഷ്ണ റൈ ഗുത്തു, മഞ്ചേശ്വരം തഹസിൽദാർ, വില്ലേജ് ഓഫീസർ, അബ്ദുള്ള കണ്ടത്തിൽ, സുലൈമാൻ ഊജംപദവ്, അസീസ് കൊട്ടൂടൽ, റഫീഖ് കണ്ണൂർ, ഹസൻ പാറ, സവാദ് അംഗടിമൊഗർ, സഹദ് അംഗടിമൊഗർ, ഷബീർ ഫാരിസ്, മഹ്മൂദ് മിലിറ്ററി, മൊയ്തീൻ പർളാടം, അബ്ദുല്ല കുഞ്ഞി പർളാടം, അബ്ദുറഹ്മാൻ പർളാടം, ഹസൻ റഫീഖ് പാറ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0