ആഘോഷങ്ങൾ അതിരുകടക്കരുത്; വോട്ടെണ്ണൽ ദിനത്തിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ പോലീസ് മേധാവി 

May 3, 2026 - 15:38
ആഘോഷങ്ങൾ അതിരുകടക്കരുത്; വോട്ടെണ്ണൽ ദിനത്തിൽ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ പോലീസ് മേധാവി 

കാസർകോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ജില്ലയിൽ സമാധാനവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി കാസർകോട് ജില്ലാ പോലീസ് മേധാവി ബി വിജയഭാരത് റെഡി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിജയാഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടാകാവുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് നടപടി. പ്രകടനങ്ങളുടെ ആരംഭം, അവസാനം, സമയം, യാത്രാമാർഗ്ഗം എന്നിവ മുൻകൂട്ടി പോലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കണം. അനുമതിയില്ലാത്ത അപ്രതീക്ഷിത പ്രകടനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. വോട്ടെണ്ണൽ ദിനത്തിൽ വൈകിട്ട് ഏഴ് മണിക്ക് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ ആഘോഷങ്ങളോ അനുവദിക്കില്ല. സമയപരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ജില്ലയിൽ ബൈക്ക് റാലികൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുകയും ചെയ്യും. പൊതുസ്ഥലങ്ങളിലും റോഡുകളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. മറ്റ് പാർട്ടികളുടെ പ്രകടനങ്ങളിൽ ഇടപെടാനോ പ്രവേശിക്കാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. മുൻകൂർ അനുമതിയില്ലാതെ ഡിജെ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ ശബ്ദപരിധി കവിയരുത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ ശേഷിക്കുന്ന ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കം ചെയ്യണം. മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ ഉള്ള പ്രവർത്തകർ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് പാർട്ടി നേതാക്കൾ തന്നെ തടയണം. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ബി വിജയഭാരത് റെഡി അഭ്യർത്ഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0