സ്വര്‍ണ വിലയില്‍ ഇടിവ്; പവന്‍ 1560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 70000ത്തിന് താഴെ എത്തുന്നത്. 68,880 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. രാജ്യാന്തര വിലയുടെ തകര്‍ച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞമാസം 22ന് കേരളത്തില്‍ പവന്‍വില 74,320 രൂപയും ഗ്രാം വില 9,290 രൂപയുമെന്ന റെക്കോര്‍ഡ് കുറിച്ചിരുന്നു. തുടര്‍ന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാണ് വിപണിയില്‍ നിലനില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് വില കുറഞ്ഞതിനാല്‍ സ്വര്‍ണവില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ആഗോള വിപണിയിലും സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോരിന് ശമനമാകുന്നതും ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായും യുഎസ് താരിഫ് വിഷയത്തില്‍ സമവായത്തിലേക്ക് കടക്കുന്നതുമാണ് സ്വര്‍ണവിലയെ പ്രധാനമായും താഴേക്ക് നയിച്ചത്. താരിഫ് പ്രശ്നം ശമിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണ്.
What's Your Reaction?






