സർക്കാരിൽ നിന്ന് അനർഹമായി മുസ്ലിം സമൂഹം ഒന്നും നേടിയെടുത്തിട്ടില്ല: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: സർക്കാരിൽ നിന്ന് അനർഹമായി മുസ്ലിം സമൂഹം ഒന്നും നേടിയെടുത്തിട്ടില്ലെന്നും മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടില്ലെന്നും അഖിലേന്ത്യ സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിൻ്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മീഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്ലിം സമൂഹത്തിനുണ്ട്. എല്ലാ പൗരന്മാർക്കും തുല്യ നീതിയും അവകാശവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എസ് ഐ ആറിൽ ഒരു പൗരനും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ആഗോള രാഷ്ട്രീയ സാഹചര്യം സമാധാന കാംക്ഷികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയ ഘടനയെയും സാമൂഹിക സാഹചര്യത്തെയും സാമ്പത്തിക സ്ഥിരതയെയും പ്രതികൂലമായി ബാധിക്കാനിടയുള്ള സാഹചര്യങ്ങളിൽ നിന്ന് ഭരണകൂടങ്ങൾ പിന്മാറണം. അസ്ഥിരത അകറ്റാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ നയതന്ത്ര സ്വാധീനം പ്രയോജനപ്പെടുത്തണം. രാജ്യത്തെ പൗര സമൂഹത്തിന് തുല്യ നീതിയും തുല്യ അവകാശവും പകർന്നുനൽകുക എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്. മതത്തിൻ്റെയോ രാഷ്ട്രീയത്തിന്റെയോ പ്രദേശത്തിന്റെയോ പേരിൽ ഉണ്ടാകുന്ന ഏത് വിവേചനവും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണ്. അന്തസ്സുള്ള ജീവിതം എന്നത് ഒരു പൗരന് ഭരണഘടന നൽകുന്ന അവകാശമാണ്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രവർത്തനവും അനുവദിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാരന്തൂർ മർകസ് സനദ്ദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



