മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും

Nov 27, 2025 - 12:37
മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും

ക്വാലാലംപൂർ: ഹദീസുകളുടെ പ്രചാരണത്തിലൂടെ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും ആധുനിക സമൂഹത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനം നാളെ സമാപിക്കും. മലേഷ്യൻ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സദസ്സിന്റെ സമാപന സംഗമം പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെയും സ്വദേശത്തെയും പണ്ഡിതരും മതവിദ്യാർഥികളും സംബന്ധിക്കുന്ന സമ്മേളനത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. 

പരിശുദ്ധ ഖുർആന് ശേഷം മുസ്‌ലിം ലോകം അവലംബമായി ഗണിക്കുന്ന ഹദീസുകളുടെ പ്രചാരണത്തിലൂടെ ഇസ്‌ലാമിക പൈതൃകവും പാരമ്പര്യവും ആധുനിക സമൂഹത്തിൽ വളർത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാസം 19 ന് ആരംഭിച്ച സംഗമത്തിൽ ഇതിനകം വിവിധ പണ്ഡിതരാണ് ഓരോ ദിവസത്തെയും പാരായണങ്ങൾക്ക് നേതൃത്വം നൽകിയത്. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്‌ലാമിൻ്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നത്. ഇതിൻ്റെ ഭാഗമായാണ് 2023 ജൂലൈയിൽ പുത്ര മസ്ജിദിൽ വാർഷിക ഹദീസ് സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിൻ്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്റ പുരസ്‌കാരം നേടിയതിന് പിറകെ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയാണ് പ്രസ്‌തുത പരിപാടിക്ക് തുടക്കമിട്ടത്. സ്വഹീഹ് മുസ്ലിം പൂർണമായും പാരായണം ചെയ്യുന്ന 12 ദിവസം നീണ്ടു നിൽക്കുന്ന സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 1000 പേരാണ് ശ്രോതാക്കൾ.

മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താറിൻ്റെ മേൽനോട്ടത്തിലാണ് ദർസ് നടക്കുന്നത്. സമാപന ചടങ്ങിൽ ഗ്രാൻഡ് മുഫ്ത്‌തിക്ക് പുറമെ ഇന്ത്യയിൽ നിന്ന് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സംബന്ധിക്കും. പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നതോടൊപ്പം വിവിധ സാംസ്‌കാരിക-വൈജ്ഞാനിക പരിപാടികളിലും ഗ്രാൻഡ് മുഫ്‌തി സംബന്ധിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0