ബംഗാള്‍ മര്‍കസ് കാമ്പസിലെ ആദ്യ ബാച്ച് നൂറാനികള്‍ പഠനം പൂര്‍ത്തിയാക്കി കർമ്മ രംഗത്തേക്ക്
കോഴിക്കോട്: ബംഗാള്‍ മര്‍കസ് കാമ്പസിലെ ത്വയ്‌ബ ഗാര്‍ഡന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യ ബാച്ച് നൂറാനികള്‍ പഠനം പൂര്‍ത്തിയാക്കി. അബ്ദുൽ കരീം സർക്കാർ നൂറാനി, റബ്ബാനി സർക്കാർ നൂറാനി, അബ്ദുൽ മണ്ഡൽ നൂറാനി, സാദകുൽ സർക്കാർ നൂറാനി, സകീഫ് സർക്കാർ നൂറാനി, റൂഹുൽ അമീൻ മണ്ഡൽ നൂറാനി, ഹാസിം സർക്കാർ നൂറാനി, സോഹൽ റാണ സർക്കാർ നൂറാനി തുടങ്ങിയവരാണ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യബാച്ചിൽ നിന്ന് എട്ട് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയത്. ഇതിൽ നാല് പേർ എൽ.എൽ.ബി പഠിതാക്കളും ജേർണലിസം, അറബിക് ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടിയവരാണെന്നത് ശ്രദ്ധേയമാണ്.
മര്‍കസ് നാഷണല്‍ മിഷന്റെ ഭാഗമായി 2012-ലാണ് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ തൈ്വബ ഗാര്‍ഡന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിഭജനാനന്തരം സാമൂഹികമായും സാംസ്‌കാരികമായും അരികുവൽക്കരിക്കപ്പെട്ട ബംഗാൾ ജനതയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഗ്രാമീണ മേഖലയിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ ഇന്ന് ബംഗാളിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുൾപ്പടെ സ്ഥാപിച്ച് ലക്ഷക്കണക്കിന് മനുഷ്യർക്ക് തണലേകാൻ ഇതിനകം ബംഗാൾ മർകസ് ത്വയ്ബ ഗാർഡന് സാധിച്ചിട്ടുണ്ട്. മർകസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെയും മാർഗനിർദേശത്തിൽ ഒരു പതിറ്റാണ്ടിലേറെയായി ബംഗാളിൽ പ്രവർത്തിക്കുന്ന സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്.
പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കേരളത്തിലെത്തി മർകസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ സന്ദർശിക്കുകയും വൈജ്ഞാനിക-സാംസ്കാരിക അന്തരീക്ഷം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മർകസിൽ നടന്ന സുഹ്ബയിൽ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടർ കം റെക്ടറായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസ സംവിധാനങ്ങളെ പഠിച്ച് സ്വന്തം പ്രദേശങ്ങളിലെ പ്രവർത്തനങ്ങളിൽ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും മടങ്ങിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0