പരസ്പര സഹായത്തെ മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
കോഴിക്കോട്: അപൂർവ രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ കുഞ്ഞുങ്ങളെ സഹായിക്കാൻ സമൂഹത്തിലെ മുഴുവൻ ജനങ്ങളും മുന്നോട്ടുവരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭ്യർത്ഥിച്ചു. പരസ്പരം സഹായിക്കാനാണ് എല്ലാ മതങ്ങളും പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി സ്വദേശികളായ അരുൺ - ഷാൽമി ദമ്പതികളുടെ മക്കളായ ഏതൻ, ഡേവിഡ്, ആൽവിൻ എന്നീ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് കാരന്തൂർ മർകസിലെത്തിയ ചികിത്സാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലുരുട്ടി സെന്റ് തോമസ് ചർച്ച് വികാരി ഫാദർ സിബിൻ കിളിയൻപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാന്തപുരത്തെ സന്ദർശിച്ചത്.
അൻപത് കോടി രൂപയുടെ ചികിത്സാ ഫണ്ട് എത്രയും വേഗം സമാഹരിക്കാൻ എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും കാന്തപുരം ഉറപ്പുനൽകി. ഇതുവരെ നൽകിയ പിന്തുണയ്ക്ക് ഫാദർ സിബിൻ കിളിയൻപറമ്പിലും കുട്ടികളുടെ പിതാവ് പി.ഡി അരുണും കാന്തപുരം ഉസ്താദിനോട് നന്ദി അറിയിച്ചു. സംഘം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസിയെയും സന്ദർശിച്ചു.
ചികിത്സാ കമ്മിറ്റി ജനറൽ കൺവീനറും മുക്കം നഗരസഭ കൗൺസിലറുമായ അനീഫ് മുഹമ്മദ്, കുട്ടികളുടെ മുത്തച്ഛൻ വർഗീസ്, സലീം മടവൂർ, ബാദ്ഷാ സഖാഫി, മർകസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ ജോയിന്റ് ഡയറക്ടർ കെ.കെ ഷമീം, ബേബി മഞ്ചേരിൽ, ആൽബിൻ മഞ്ചേരിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0