കോട്ടക്കുന്ന് സമരജ്വാല രണ്ടാം ഘട്ടത്തിലേക്ക്; സമരപ്പന്തൽ കെട്ടി സത്യാഗ്രഹം ആരംഭിച്ചു
മൊഗ്രാൽ പുത്തൂർ: വർഷങ്ങളായുള്ള യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കടവത്ത്-കോട്ടക്കുന്ന് റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി സമരസ്ഥലത്ത് പന്തൽ കെട്ടി നാട്ടുകാർ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന പന്തംകൊളുത്തി പ്രകടനത്തിന് പിന്നാലെയാണ് സമരം കൂടുതൽ ശക്തമായ രീതിയിലേക്ക് മാറ്റാൻ നാട്ടുകാർ തീരുമാനിച്ചത്. രാവിലെ നടന്ന ചടങ്ങിൽ മുതിർന്ന പൗരന്മാരും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റോഡ് പണി തുടങ്ങുന്ന കാര്യത്തിൽ അധികൃതരിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരപ്പന്തലിൽ നിന്ന് മടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കോട്ടക്കുന്ന് നിവാസികൾ.
അധികൃതരുടെ അനാസ്ഥക്കെതിരെ ജനരോഷം
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള റോഡുകളിലൊന്നായി കടവത്ത്-കോട്ടക്കുന്ന് റോഡ് മാറിയിട്ടും അധികൃതർ കാണിക്കുന്ന അവഗണനയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നികുതി കൃത്യമായി അടയ്ക്കുന്ന പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂടം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും റോഡ് ഉപരോധം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ലത്തീഫ് കെ എം ജനറൽ കൺവീനർ അൻസാരി ഫൈനാൻസ് കൺവീനർ റൗഫ് മഠം, സിറാജ് കെ കെ, നസീർ കെ യു, ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0