വൻ പ്രതിസന്ധി; പാചക വാതക ക്ഷാമം മൂലം ജില്ലയിൽ അടച്ചിട്ടത് നിരവധി ഹോട്ടലുകൾ

Mar 28, 2026 - 15:13
വൻ പ്രതിസന്ധി; പാചക വാതക ക്ഷാമം മൂലം ജില്ലയിൽ അടച്ചിട്ടത് നിരവധി ഹോട്ടലുകൾ

കാസർകോട്: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് രൂക്ഷമായ പാചക വാതക ക്ഷാമം മൂലം രണ്ടാഴ്ചക്കിടെ ജില്ലയിലെ അമ്പത് ശതമാനത്തോളം ചെറുതും വലുതുമായ ഹോട്ടലുകൾ പൂട്ടി. കാസർകോട് നഗരത്തിൽ മാത്രം ഇരുപതിലധികം ഹോട്ടലുകളാണ് പൂട്ടിയത്. പാചക വാതക ക്ഷാമമില്ലെന്ന് സർക്കാർ പറയുന്നതിനിടയിലും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ചു കഴിയുന്ന സർക്കാർ ജീവനക്കാരെയും മറ്റു മേഖലകളിലെ തൊഴിലാളികളെയും ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ 1500-ലധികം ഹോട്ടലുകൾ പ്രവർത്തിക്കുന്നതായും പതിനായിരത്തിലധികം തൊഴിലാളികളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും വലിയ പ്രതിസന്ധിയിലാണെന്നും കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പറഞ്ഞു. ഹോട്ടലുകളിലേക്ക് പാചക വാതകം ബുക്ക് ചെയ്യുന്നത് ഓൺലൈൻ വഴിയാണ്. ഇപ്പോൾ ഈ വഴിയുള്ള ബുക്കിംഗും ലഭിക്കുന്നില്ല. ഗ്യാസ് ഏജൻസിയുടെ ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ പുതിയ സിവിൽ സപ്ലൈസ് വകുപ്പിന്റെ ലൈൻ കയറി വരുന്നത് ബുക്ക് ചെയ്യാൻ പറ്റാത്ത നിലയിലാണ്. ഇത് വലിയ തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകൾ, കാന്റീനുകൾ എന്നിവ വലിയ വാടക നൽകിയാണ് നടത്തുന്നത്. ഇതും സാമ്പത്തികമായി തളർത്തിയിരിക്കുന്നു. ഹോട്ടലുകൾക്ക് 40 ശതമാനം പാചക വാതകം നൽകുമെന്നും പ്രതിസന്ധിയില്ലെന്നും സർക്കാർ പറയുന്നതിനിടയിലാണ് ഇങ്ങനെ ഹോട്ടൽ മേഖലയിൽ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 19 കിലോ തൂക്കം വരുന്ന ഹോട്ടലുകളിലെ പാചക വാതക സിലിണ്ടറുകൾക്ക് 1954 രൂപയാണ് ഈടാക്കുന്നത്. ഹോട്ടലുകൾ മാത്രമല്ല വനിതകൾ നടത്തുന്ന കുടുംബശ്രീ കൂട്ടായ്മകളുടെ അടക്കമുള്ള കാന്റീനുകളെയും ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണെന്നും ബിജു ചുള്ളിക്കര വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0