ലാരിജാനിയെ കൊലപ്പെടുത്തിയതു കൊണ്ട് രാഷ്ട്രീയ സംവിധാനത്തെ തകര്‍ക്കാനാകില്ല: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
തെഹ്‌റാന്‍: രാജ്യത്തിന്റെ ശക്തനായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ കൊലപ്പെടുത്തിയതു കൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ ഇസ്‌റാഈലിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ലാരിജാനി കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ‘അല്‍ ജസീറ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഏതെങ്കിലുമൊരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല ഇറാന്‍ ഭരണകൂടം നിലനില്‍ക്കുന്നതെന്ന് അമേരിക്കയും ഇസ്‌റാഈലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരു രാഷ്ട്രങ്ങളും ഇത് മനസ്സിലാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന് ദൃഢമായ രാഷ്ട്രീയ-സാമ്പത്തിക ഘടനയുണ്ട്. ഏതെങ്കിലുമൊരു വ്യക്തിയുടെ സാന്നിധ്യമോ അഭാവമോ അതിനെ പ്രതികൂലമായി ബാധിക്കില്ല. പല വ്യക്തികളും ജനസ്വാധീനമുള്ളവരും ശക്തരുമായിരിക്കും. അവരോരുത്തരും തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുകയും ചെയ്യും. ചിലര്‍ കൂടുതലായും കുറച്ചും ചെയ്യും. എന്നാല്‍, ഇറാന് ഏറെ ഉറപ്പുള്ള ഒരു രാഷ്ട്രീയ സംവിധാനമുണ്ടെന്നതാണ് കാര്യം. ദേശീയമായ വന്‍ നഷ്ടങ്ങള്‍ സംഭവിച്ചാലും സംവിധാനം മുന്നോട്ടു പോകുമെന്ന് ഫെബ്രുവരി 28നുണ്ടായ യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടതിനെ പരാമര്‍ശിക്കവേ അരാഗ്ചി പറഞ്ഞു. നേതാവിനെക്കാള്‍ പ്രധാനപ്പെട്ട ഒരാളുമില്ലെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ നേതാവ് രക്തസാക്ഷിയായാലും സംവിധാനം അതിന്റെ നടപടികളുമായി മുന്നോട്ട് പോവുകയും നഷ്ടപ്പെട്ടയാളുടെ സ്ഥാനത്തേക്ക് അടിയന്തരമായി മറ്റൊരാളെ നിയോഗിക്കുകയും ചെയ്യും. നേതൃത്വത്തിലെ മറ്റൊരാളാണ് മരണപ്പെടുന്നതെങ്കിലും അതങ്ങനെ തന്നെയാണ്. വിദേശകാര്യ മന്ത്രിയാണ് കൊല്ലപ്പെടുന്നതെങ്കിലും ആ സ്ഥാനത്ത് ഉറപ്പായും മറ്റൊരാള്‍ വരും- അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0