സഅദിയ്യ ലോ കോളേജ് ലീഗല്‍ കരിയര്‍ സെമിനാര്‍ ഏപ്രില്‍ 2ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കാസര്‍കോട്: ദേളി സഅദിയ്യ ലോ കോളേജ് സംഘടിപ്പിക്കുന്ന ലെഗാലിസ് ലീഗല്‍ കരിയര്‍ സെമിനാര്‍ ഏപ്രില്‍ 2ന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നിയമ പഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേകമായി സംഘടിപ്പിക്കുന്ന സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിയമ പഠന രംഗത്തെ പുതിയ സാധ്യതകള്‍, അഭിഭാഷ വൃത്തിയിലെ വൈവിധ്യമാര്‍ന്ന കരിയര്‍ അവസരങ്ങള്‍, ഗവണ്‍മെന്റ് ലോ കോളേജ് അടക്കമുള്ള കേരളത്തിലെ ലോ കോളേജുകളിലെ പ്രവേശനത്തിന് (കെ എല്‍ ഇ ഇ) എങ്ങിനെ തയ്യാറെടുക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിദ്യര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുകയാണ് സെമിനാറിന്റെ ലക്ഷ്യം. രാവിലെ 9.30 മുതല്‍ 12.30 വരെ കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മര്‍കസ് ലോ കോളേജ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് അസി. പ്രൊഫസര്‍ ഡോ. അനീസ് പി കെ കരിയര്‍ ഗയ്ഡന്‍സ് സെഷന് നേതൃത്വം നല്‍കും. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ഇന്‍ഫ്‌ളുവന്‍സറുമായ അഡ്വ. നവനീദ് പവിത്രന്‍ മുഖ്യാതിഥിയായിരിക്കും. പരിമിതമായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഒരുക്കുന്ന സെമിനാര്‍ സംബന്ധിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 92072 49460 എന്ന നമ്പറിലോ saadiyalawcollege@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണം. ലീഗല്‍ കരിയര്‍ സെമിനാര്‍ ബ്രോഷര്‍ പ്രകാശനം സഅദിയ്യ നിര്‍വ്വഹക സമതി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസ് ക്ലബ് സെക്രട്ടറി പ്രതീപ് നാരായണന് നല്‍കി നിര്‍വ്വഹിച്ചു.
ജാമിഅ സഅദിയ്യക്ക് അനുവദിച്ച് കിട്ടിയ സ്വകാര്യ മേഖലയിലെ ജില്ലയിലെ ഏക ലോ കോളേജാണ് സഅദിയ്യ ലോ കോളേജ്. ഈ അധ്യായന വര്‍ഷം കണ്ണൂര്‍ സര്‍വ്വകലാശാലയുടെയും ബാര്‍ കൗണ്‍സിലിന്റേയും അംഗീകാരം ലഭിച്ച സഅദിയ്യ ലോ കോളേജില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി കോഴ്‌സാണ് നടന്നു വരുന്നത്. സൗജന്യ നിയമ സഹായം കേന്ദ്രം മുഖേനയുള്ള ക്ലയന്റ് കൗണ്‍സിലിംഗ്, അഭിഭാഷക ഓഫിസുകളിലുമായി പ്രായോഗിക പരിശീലനം തുടങ്ങിയവ നല്‍കി വരുന്നു. 2026-27 വര്‍ഷത്തെ 30 മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഞ്ചര പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ നിയമ പഠന സഹായത്തിനുള്ള വിപുലമായ ക്യാമ്പസാണ് ലക്ഷ്യമിടുന്നത്.
സെമിനാറുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (സഅദിയ്യ നിര്‍വ്വഹക സമിതി അംഗം), ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ലോ കോളേജ് ഗവേണിങ് കമ്മിറ്റി വൈസ് പ്രസിഡന്റ്), ഡോ. വി വി ഹെമിന്‍ (പ്രിന്‍സിപ്പാള്‍ സഅദിയ്യ ലോ കോളേജ്), ടി പി അബ്ദുല്‍ ഹമീദ് (അഡ്മിനിസ്‌ട്രേറ്റര്‍ സഅദിയ്യ), പി വി മുസ്തഫ (ഡയറക്ടര്‍, സഅദിയ്യ ലോ കോളേജ്) സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0