എട്ടുമാസം പ്രായമുള്ള കുട്ടിയെ സഹയാത്രക്കാരനെ ഏൽപ്പിച്ചു മുങ്ങിയ മാതാവ് പൊലീസ് പിടിയിൽ
കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ ടോയ്‌ലറ്റിൽ പോകുന്നുവെന്ന് പറഞ്ഞ് എട്ടുമാസം പ്രായമുള്ള കുട്ടിയെ സഹയാത്രക്കാരനെ ഏൽപ്പിച്ചു മുങ്ങിയ മാതാവിനെ പൊലീസ് പിടികൂടി. കോഴിക്കോടു നിന്നു ഷൊർണൂരിലേക്കുള്ള ട്രയിനിലായിരുന്നു സംഭവം. ട്രെയിൻ വിടാറായപ്പോൾ കുഞ്ഞിനെ ഏൽപിച്ചു പോയ മാതാവ് ട്രയിൻ യാത്ര പുറപ്പെട്ടിട്ടും തിരിച്ചെത്താത്തതിൽ അസ്വസ്ഥനായ യാത്രക്കാരൻ ഫറോക്ക് സ്റ്റേഷനിലെത്തിയപ്പോൾ കുട്ടിയുമായി ഇറങ്ങുകയും സ്‌റ്റേഷൻ മാസ്റ്ററെ കണ്ട് വിവരമറിയിക്കുകയുമായിരുന്നു. സ്റ്റേഷൻ മാസ്റ്റർ റെയിൽവെ പൊലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകനേയും വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കോഴിക്കോടു റെയിൽവെ പൊലീസിനെയും മറ്റു റെയിൽവെ പൊലീസ് സ്റ്റേഷനുകളിലും സന്ദേശം കൈമാറി. കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്ത് സെൻ്റ് വിൻസൻ്റ് ഹോമിൽ സുരക്ഷിതമായി എത്തിച്ചു. അതിനിടയിലാണ് കോഴിക്കോട് റെയിൽവെ സ്‌റ്റേഷൻ പരിസരത്തു നിന്നു യുവതിയെ റയിൽവെ പൊലീസ് പിടികൂടിയത്. ഇവർക്കു മാനസികാസ്വാസ്ഥ്യത്വം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിനു കുട്ടിയെ മറ്റൊരാളെ ഏൽപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഇതിനു മുമ്പും യുവതി കുട്ടിയെ ഉപേക്ഷിക്കാൻ ഇത്തരത്തിൽ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കുട്ടിയെ മാതാവിനു കൈമാറുന്നതിനെക്കുറിച്ച് തീരുമാനമെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0